Saturday, November 23, 2024

സ്വര്‍ണ്ണക്കടത്ത്: പരിശോധനയില്‍ കണ്ടെത്തിയില്ല; എക്‌സ്‌റേ എടുത്തപ്പോള്‍ വയറ്റില്‍ ക്യാപ്‌സ്യൂളുകള്‍

മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചു. ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീർ (26) ആണ് 854 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

മിശ്രിത രൂപത്തിൽ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 47 ലക്ഷം രൂപ വില വരും.

ഞായറാഴ്ച വൈകുന്നേരം 6.42-ന് ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ജംഷീറിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പക്ഷേ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചു. ഇയാളുടെ ലഗ്ഗേജ് ബോക്സുകൾ തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വർണ്ണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സ്- റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് കാപ്സ്യൂളുകൾ ദൃശ്യമായത്.

ജംഷീറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വർണ്ണകടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും നൽകും. കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് ഈ വർഷം പോലീസ് പിടികൂടുന്ന നാലാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments