വെങ്കിടങ്ങ് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ.
വെങ്കിടങ്ങ് വില്ലേജ് അസിസ്റ്റൻറ് അജികുമാറാണ് പിടിയിലായത്. മേച്ചേരിപ്പടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ഇദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള ഏഴരസെൻറ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ ആവശ്യത്തിന് ലഭിക്കേണ്ട ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന ആർ.ഒ.ആർ. സർട്ടിഫിക്കറ്റും സ്‌കെച്ചും ലഭിക്കാൻ യുവാവ് വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സ്ഥലപരിശോധനയ്ക്കെത്തിയ ഫീൽഡ് അസിസ്റ്റന്റ് അജികുമാർ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തുടർന്ന് കഴിഞ്ഞ മാസം 29-ന് 2000 രൂപ നൽകുകയും ചെയ്തു. ബാക്കി 1000 രൂപ രജിസ്ട്രേഷർ കഴിഞ്ഞയുടൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവ് ഈ വിവരം വിജിലൻസിൽ അറിയിച്ചു.
തുടർന്നാണ് ബുധനാഴ്‌ച വൈകീട്ട് നാലരയോടെ തൃശ്ശൂർ വിജിലൻസ് ഡിവൈ.എസ്.പി. ജീൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ അനീഷ്, പ്രദീപ്കുമാർ, സബ് ഇൻസ്പെക്ടർ പ്രദീപ്, എസ്.സി.പി.ഒ. സന്ധ്യ, സി.പി.ഒ.മാരായ വിബീഷ്, സൈജുമോൻ, അരുൺ, എബി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.