തൃശ്ശൂർ: തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിൽ നീർപ്പക്ഷികൾ കുറയുന്നതായി സർവേ. ഏഷ്യൻ വാട്ടർബേഡ് സെൻസസിന്റെ ഭാഗമായാണ് തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിൽ സർവേ നടത്തിയത്. മുപ്പത്തിരണ്ടാമത് നീർപ്പക്ഷിസർവേ പുതുവർഷദിനത്തിൽ മാറഞ്ചേരി, ഉപ്പുങ്ങൽ, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കൽ, ഏനാമാവ്, പുല്ലഴി, അടാട്ട്, മുള്ളൂർക്കായൽ, തൊട്ടിപ്പാൾ തുടങ്ങിയ കോൾമേഖലകളിലാണ് നടത്തിയത്. സർവേയിൽ 90 ഇനങ്ങളിലായി 9,904 നീർപ്പക്ഷികളെ പക്ഷി നിരീക്ഷകർ കണ്ടെത്തി.
വിവിധയിനം എരണ്ടകൾ, വർണ്ണക്കൊക്ക്, ഞവുഞ്ഞിപ്പൊട്ടൻ, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീർക്കാക്കകൾ തുടങ്ങിയവയുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ്. ദീർഘദൂര ദേശാടകനായ ചെങ്കാലൻ പുള്ള്, കായൽപ്പുള്ള്, കരിവാലൻ പുൽക്കുരുവി, മൂടിക്കാലൻ കുരുവി, വലിയ പുള്ളിപ്പരുന്ത്, ഉപ്പൂപ്പൻ തുടങ്ങിയ പക്ഷികളെ കോൾനിലങ്ങളിൽ കണ്ടെത്തി. പുള്ളിക്കാടക്കൊക്കും കാലിമുണ്ടിയുമാണ് ഏറ്റവും കൂടുതൽ എണ്ണം കണ്ടെത്താനായ പക്ഷിയിനങ്ങൾ.
കോൾപ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോൾ ബേഡേഴ്സ് കളക്ടീവും കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പരിസ്ഥിതിശാസ്ത്ര കോളേജും വനംവകുപ്പിന്റെ സഹകരണത്തോടെയാണ് സർവേ സംഘടിപ്പിച്ചത്. സി.പി. സേതുമാധവൻ, മനോജ് കരിങ്ങാമഠത്തിൽ, മിനി ആന്റോ, ജയ്ദേവ് മേനോൻ, കെ.ബി. നിധീഷ് , ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി, ലതീഷ് ആർ. നാഥ്, അരുൺ ജോർജ്, പി.കെ. സിജി, സിസി ആൻ, അഭിൻ എം. സുനിൽ, സുബിൻ മനക്കൊടി, എസ്. പ്രശാന്ത്, ഷിനോ കൂറ്റനാട്, ആർ. പ്രേംചന്ദ്, നിഗിൻ ബാബു, ദിൽജിത്ത്, ഡിജുമോൻ, എൻ.ഡി. ജോസസ്, ഒമർ ഹാറുൺ, അഹമ്മദ് സെയ്ദ് തുടങ്ങി നൂറോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു. മധ്യമേഖല മുഖ്യവനപാലകൻ കെ.ആർ. അനൂപ് സർവേ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ ഡോ. പി.ഒ. നമീർ അധ്യക്ഷനായി. ഡോ. മാലിക്ക് ഫാസിൽ, അർജുൻ സുരേഷ് എന്നിവർ ക്ലാസുകൾ നയിച്ചു.
ഇ-ബേഡ് പോർട്ടൽ ഉപയോഗിച്ച് പൂർണമായി ഡിജിറ്റൽ ആയി നടത്തിയ വിവരശേഖണം വെറ്റ് ലാൻഡ് ഇന്റർനാഷണൽ, ബേഡ്കൗണ്ട് ഇന്ത്യ തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾക്ക് പങ്കുവെച്ചു.