Friday, September 20, 2024

കണ്ണനു മുന്നിൽ കഥകളിയാടി വയനാട് കളക്ടർ

ഗുരുവായൂർ: കളിവിളക്കിനു മുന്നിൽ ദമയന്തിയായി കളക്ടർ അരങ്ങിലെത്തി. ഔദ്യോഗിക തിരക്കുകൾ ഒരുദിവസത്തേക്ക്‌ മാറ്റിവെച്ച് അവർ നളചരിതനായികയുടെ ചമയങ്ങളണിഞ്ഞു. വയനാട് കളക്ടർ എ. ഗീതയാണ് പുതുവർഷദിനത്തിൽ ഗുരുവായൂരിൽ കഥകളി അവതരിപ്പിച്ചത്. നളചരിതം ഒന്നാംദിവസം ആയിരുന്നു കഥ. കഥകളി അഭ്യസിച്ചശേഷം കളക്ടറുടെ രണ്ടാമത്തെ അരങ്ങായിരുന്നു ഇത്. കഴിഞ്ഞ മാർച്ച് 26-ന് വയനാട് വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു ആദ്യ അവതരണം. അന്ന് ഇതേ കഥതന്നെയായിരുന്നെങ്കിലും ദമയന്തിവേഷത്തിന്റെ വിശദമായ ഭാഗങ്ങളുണ്ടായിരുന്നില്ല. അതിനുശേഷം ഗുരുവായൂരിൽ അവതരിപ്പിക്കണമെന്ന മോഹം കൊണ്ടുനടക്കുകയായിരുന്നു.
കോട്ടയ്ക്കൽ സന്തോഷ്, കോട്ടയ്ക്കൽ വിനീഷ് എന്നിവരായിരുന്നു പാട്ട്. മനീഷ് രാമനാഥൻ (ചെണ്ട), കോട്ടയ്ക്കൽ പ്രതീഷ് (മദ്ദളം) എന്നിവർ വാദ്യമൊരുക്കി. ഭർത്താവ് റിട്ട. അഡീഷണൽ ലോ സെക്രട്ടറി എസ്. ജയകുമാർ, മകൻ വിശ്വനാഥ് എന്നിവരും മറ്റ് ബന്ധുക്കളും കഥകളി കാണാൻ എത്തിയിരുന്നു. വയനാട്ടിൽനിന്ന് ഇരുപത്തഞ്ചിലേറെ ഉന്നതോദ്യോഗസ്ഥരുമുണ്ടായി.കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലെ വേഷം ആശാൻ ഉണ്ണികൃഷ്ണനാണ് ഗുരു.

ആശംസ നേരാൻ തൃശ്ശൂർ കളക്ടറും

ഗുരുവായൂർ: കഥകളി അവതരിപ്പിക്കാനെത്തിയ വയനാട് കളക്ടർ എ. ഗീതയ്ക്ക് ആശംസയുമായി തൃശ്ശൂർ കളക്ടർ ഹരിത വി. കുമാറും എത്തി. ദേവസ്വം കൃഷ്ണനാട്ടം കളരിയിൽ കഥകളിവേഷമിടുന്നതിനിടയിലായിരുന്നു കൂടിക്കാഴ്‌ച. ഔദ്യോഗികബന്ധങ്ങൾക്കപ്പുറമുള്ള വലിയ സൗഹൃദത്തിന്റേതുകൂടിയായിരുന്നു കൂടിക്കാഴ്‌ച.

കഥകളിവേഷമിട്ട വയനാട് കളക്ടർ എ. ഗീതയ്ക്ക് ആശംസയുമായി തൃശ്ശൂർ കളക്ടർ ഹരിത വി. കുമാർ ചമയമുറിയിലെത്തിയപ്പോൾ

രണ്ടുപേരും ഐ.എ.എസിൽ ഒരേ ബാച്ചുകാരാണ്. ‘കളി കാണാൻ ഹരിതയെ ക്ഷണിച്ചിരുന്നു. വരുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി’- എ. ഗീത പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments