കാഠ്മണ്ഡു: ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍മോചിതനാകുന്നു. പ്രായാധിക്യം കണക്കിലെടുത്താണ് ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ജയില്‍മോചിതനായി 15 ദിവസത്തിനുള്ളില്‍ ചാള്‍സ് ശോഭരാജിനെ നേപ്പാളില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2003 മുതല്‍ നേപ്പാളില്‍ തടവില്‍ കഴിയുകയാണ് ചാള്‍സ് ശോഭരാജ്. ഇയാള്‍ ആകെ ഇരുപത് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
1975-ല്‍ യുഎസ് പൗരരായ കോണി ജോ ബ്രോണ്‍സിച്ച് (29), പെണ്‍സുഹൃത്ത് ലോറന്റ് കാരിയര്‍ (26) എന്നിവരെ നേപ്പാളില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായ ചാള്‍സ് ശോഭരാജിനെ 2003 സെപ്റ്റംബര്‍ ഒന്നിന് നേപ്പാളിലെ ഒരു കാസിനോയ്ക്ക് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കാഠ്മണ്ഡുവിലും ഭക്തപുരിലുമായാണ് ചാള്‍സ് ഇവരുടെ കൊല നടത്തിയതെന്നതിനാല്‍ പ്രത്യേക കേസുകളായാണ് പോലീസ് ചാള്‍സിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്.
കൊലപാതകത്തിന് 20 വര്‍ഷം തടവുശിക്ഷയും വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് ഒരു കൊല്ലവും ചേര്‍ത്ത് 21 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നേപ്പാള്‍ കോടതി ചാള്‍സിന് നല്‍കിയത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് 2,000 രൂപ പിഴയും ചുമത്തിയിരുന്നു. 19 കൊല്ലത്തെ തടവ് ശിക്ഷ ചാള്‍സ് ശോഭരാജ് ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.