Friday, September 20, 2024

നിരീക്ഷണത്തിനായി കാലിൽ വളയമണിയിച്ച് പറത്തിവിട്ട ശൈത്യകാല ദേശാടനപ്പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി

ചാവക്കാട്: റഷ്യയിലെ ശാസ്ത്രജ്ഞർ നിരീക്ഷണത്തിനായി കാലിൽ വളയമണിയിച്ച് പറത്തിവിട്ട ഗ്രേറ്റ് നോട്ട് എന്നറിയപ്പെടുന്ന ശൈത്യകാല ദേശാടനപ്പക്ഷിയെ ചാവക്കാട് തീരത്ത് പക്ഷിനിരീക്ഷകർ കണ്ടെത്തി. കഴിഞ്ഞ ഓഗസ്റ്റ് 12-ന് റഷ്യയിലെ കാംചത്ക പെനിൻസുലയുടെ പടിഞ്ഞാറേതീരത്തെ ഖൈറുസോവ- ബെലോഗൊയോവായ നദികളുടെ അഴിമുഖത്തുവെച്ച് വളയം ധരിപ്പിച്ചുവിട്ട പക്ഷിയാണിതെന്ന് പക്ഷിനിരീക്ഷകർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 9000 കിലോമീറ്റർ പറന്നാണ് പക്ഷി എത്തിയതെന്നാണ് അനുമാനം.

പി.പി. ശ്രീനിവാസൻ, ഡോ. കലേഷ് സദാശിവൻ, പി.ബി. സാംകുമാർ എന്നിവരാണ് ചാവക്കാട് കടൽത്തീരത്തുനിന്ന് പക്ഷിയെ കണ്ടെത്തിയത്. 150-ൽപരം ദേശാടനപ്പക്ഷികൾക്കിടയിലാണ് കാലിൽ ഒറ്റവളയവുമായി ഇതിനെ കണ്ടത്. കൗതുകം തോന്നിയ ഇവർ പക്ഷിയെ പ്രത്യേകം നിരീക്ഷിക്കുകയായിരുന്നു.

പക്ഷിയുടെ കാലിലെ വളയത്തിലെഴുതിയിരുന്ന ലിഖിതം വായിച്ചെടുക്കാൻ കഴിഞ്ഞതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് പി.പി. ശ്രീനിവാസൻ പറഞ്ഞു. ഇതോടെ വളയത്തിന് പിന്നിലെ റഷ്യൻബന്ധം മനസ്സിലായെന്ന് ബേർഡേഴ്‌സ് സാൻ ബോർഡേഴ്‌സ് അംഗം പി.ബി. സാംകുമാർ പറഞ്ഞു.

തുടർന്ന് കാംചത്ക പെനിൻസുലയിലെ ഡിമിത്രി ഡൊനേഫീവിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹമാണ് പക്ഷിയെക്കുറിച്ചുള്ള സ്ഥിരീകരണം നടത്തി കൂടുതൽ വിവരങ്ങൾ നൽകിയതെന്ന് ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയുടെ റിസർച്ച് അസോസിയേറ്റ് കൂടിയായ ഡോ. കലേഷ് സദാശിവൻ പറഞ്ഞു.

റഷ്യൻ ശാസ്ത്രജ്ഞർ ഏകദേശം 1000 പക്ഷികളിൽ വളയം ധരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയിൽ ഇതുവരെ രണ്ടെണ്ണത്തെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഗുജറാത്തിലെ ജാംനഗറിലാണ് ഒരെണ്ണത്തെ കണ്ടത്.

ഏഷ്യയുടെ തെക്കൻമേഖലയിൽ എത്താൻ പ്രധാന അന്താരാഷ്ട്ര ദേശാടനപാതയായ മധ്യേഷ്യൻ പറക്കൽപാത (ഫ്ളൈ വേ) ആണ് ഈ പക്ഷികൾ താണ്ടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാലിഡ്രിസ് ടെന്യുറോസ്ട്രിസ് എന്ന് ശാസ്ത്രീയനാമമുള്ള ഗ്രേറ്റ് നോട്ട്, വംശനാശഭീഷണി നേരിടുന്നതും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിന്റെ ചുവന്നപട്ടികയിൽപ്പെട്ടതുമാണ്.

ദേശാടനപ്പക്ഷികളുടെ സഞ്ചാരപഥം, ആയുർദൈർഘ്യം തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനാണ് ഇത്തരത്തിൽ വളയം ധരിപ്പിച്ച് പറത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments