Friday, November 22, 2024

ആതിഥേയരെ തകര്‍ത്തു; ഖത്തര്‍ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി എക്വഡോര്‍

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി എക്വഡോര്‍. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോര്‍ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് എക്വഡോറിനായി തിളങ്ങിയത്.

മൂന്നാം മിനിറ്റില്‍ തന്നെ എന്നെര്‍ വലന്‍സിയ പന്ത് വലയിലെത്തിക്കുന്നത് കണ്ടാണ് മത്സരത്തിന് തുടക്കമായത്. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. പന്ത് സ്വീകരിക്കുന്ന സമയത്ത് വലന്‍സിയ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു.

എന്നാല്‍ 16-ാം മിനിറ്റില്‍ വലന്‍സിയ തന്നെ എക്വഡോറിനെ മുന്നിലെത്തിച്ചു. പന്തുമായി ബോക്‌സിലേക്ക് കയറിയ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് വീഴ്ത്തിതിനു പിന്നാലെ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത താരത്തിന് പിഴച്ചില്ല. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ച് വലന്‍സിയ എക്വഡോറിനെ മുന്നിലെത്തിച്ചു.

ആക്രമണം തുടര്‍ന്ന എക്വഡോര്‍, ഖത്തര്‍ ബോക്‌സില്‍ അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മോയ്‌സസ് കായ്‌സെഡോയും ഏയ്ഞ്ചലോ പ്രെസിയാഡോയും ചേര്‍ന്ന് നിരന്തരം ഖത്തര്‍ ബോക്‌സിലേക്ക് പന്തുകള്‍ എത്തിച്ചുകൊണ്ടേയിരുന്നു. ബോക്‌സില്‍ വലന്‍സിയ ഖത്തര്‍ പ്രതിരോധത്തിന് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

പിന്നാലെ 31-ാം മിനിറ്റില്‍ എക്വഡോര്‍ മുന്നേറ്റം ഫലം കണ്ടു. ഏയ്ഞ്ചലോ പ്രെസിയാഡോയുടെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച വലന്‍സിയ മത്സരത്തിലെ തന്റെയും എക്വഡോറിന്റെയും രണ്ടാം ഗോളും കുറിച്ചു. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ എക്വഡോര്‍ താരമെന്ന നേട്ടം എന്നെര്‍ വലന്‍സിയ സ്വന്തമാക്കി.

എക്വഡോറിന്റെ നിരന്തര ആക്രമണങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു ഖത്തര്‍ കളിയുടെ സിംഹഭാഗവും. അല്‍മോയസ് അലിയുടെ ഏതാനും ഷോട്ടുകളും മുഹമ്മദ് മുണ്ടാരിയുടെ ഒരു ഷോട്ടും ഒഴിച്ചുനിര്‍ത്തിയാല്‍ എക്വഡോര്‍ ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങളൊന്നും ആതിഥേയരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments