തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. ടിജി 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും.”