ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് കളി വീണ്ടും ആരംഭിച്ചു. കലാകാരന്മാരുടെ ജൂണ്‍ മാസത്തെ അവധിയും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഉഴിച്ചില്‍, കച്ചകെട്ട്, ചൊല്ലിയാട്ടം തുടങ്ങിയ അഭ്യാസ കാലവും കഴിഞ്ഞുള്ള മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കളി വീണ്ടും ആരംഭിച്ചത്. വടക്കേ നടപ്പുര മുറ്റം നിറഞ്ഞ് ഭക്തർ കളി കാണാനുണ്ടായി. കളി വിളക്കിനു മുന്നിൽ അവതാര കൃഷ്ണനായി ഹരിശങ്കറിറും ബലരാമനായി കൈലാസ്നാഥും അരങ്ങേറ്റം കുറിച്ചു. വർഷങ്ങൾക്കു ശേഷമാണ് കുട്ടികളുടെ അരങ്ങേറ്റം നടന്നത്. അവതാരം കളിയിൽ വസുദേവരായി വേണുഗോപാലും ദേവകിയായി പ്രശാന്തും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ സി സേതുമാധവനും പൂതനയായി അരവിന്ദാക്ഷനും ബ്രഹ്മാവായി കൃഷ്ണകുമാറും ഭൂമിദേവിയായി വിഷ്ണുവും രംഗത്തെത്തി. ശനിയാഴ്ചയിലെ കളിയിൽ രാസക്രീഡയാണ് കഥ. ക്ഷേത്രത്തിൽ രാത്രി വിളക്ക് എഴുന്നള്ളിപ്പും തൃപ്പുകയും കഴിഞ്ഞ് വടക്കിനി മുറ്റത്താണ് കൃഷ്ണനാട്ടം അവതരണം. കളി നടക്കുന്ന ദിവസം ഉച്ചക്ക് 12 വരെ നേരിട്ട് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.