തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. ആൾക്കൂട്ടത്തിനിടയിൽ സ്വർണമാല പൊട്ടിച്ചെന്ന് കരുതുന്ന തമിഴ് വനിതകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.
ആര്യനാടിനടുത്ത് തോളൂർ ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗത്തിനിടെയാണ് വ്യാപകമായി മാല മോഷണം നടന്നത്. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് ആഹാരം കഴിക്കാനുള്ള തിരക്കിനിടെയാണ് മാല മോഷണം. നാലും മൂന്നും പവൻ തൂക്കം വരുന്ന സ്വണ മാല നഷ്ടപ്പെട്ടതായി രണ്ട് സ്ത്രീകൾ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് തമിഴ് നാട്ടുകാരായ മൂന്ന് പേരെ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിച്ചത്. പത്മയും കനകയുമെന്നാണ് തങ്ങളുടെ പേരെന്ന് പൊലീസ് കസ്റ്റഡിയിലുള്ളവർ പറയുന്നു. രേഖകളില്ലാത്തതിനാൽ പേര് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ പരിശോധിച്ചതിൽ സ്വർണ്ണം കണ്ടെത്താനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളുടെ കൈവശമായിരിക്കാം മാലകളെന്നാണ് സംശയം. രക്ഷപ്പെട്ട ആളെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.