തൃശൂർ: കൗൺസിലിംഗിനിടയിൽ ബാലികയെ പീഡിപ്പിച്ച കേസ്സിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 5 വർഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷ. ആറാട്ടുപുഴ വെള്ളത്ത് സുരേഷ് ബാബു (55) വിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പോക്സോ നിയമം 7 ,8 വകുപ്പുകൾ പ്രകാരം 3 വർഷം കഠിന തടവും 10000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാ നിയമം 354, (A) പ്രകാരം 2 വർഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയാകും. പിഴയടക്കാത്ത പക്ഷം 2 മാസം കൂടി ശിക്ഷാ കാലാവധി അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണമെന്ന് പ്രത്യേക പരാമർശമുണ്ട്. 2019 ലാണ് കേസ്സിന്നാസ്പദമായ സംഭവമുണ്ടായത്. സൈക്കോ തെറാപിസ്റ്റായ പ്രതിയുടെ വീട്ടിൽ കൗൺസിലിംങ്ങിനായി വന്ന കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. തുടർന്നാണ് ഇയാൾക്കെതിരെ ചേർപ്പ് പോലീസ് കേസെടുത്തത്. ചേർപ്പ് പോലീസിനു വേണ്ടി ഇൻസ്പെക്ടർ സനീഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രതി ഭാഗത്തു നിന്നും ഒരു സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെയും 12 രേഖകളും തെളിവിൽ ഹാജരാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി അജയ്കുമാർ ഹാജരായി.