Saturday, November 23, 2024

യാത്രാപരിമിധികൾ മറികടന്ന് അവർ ഒത്തുചേർന്നു; ഓൾ കേരളാ വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാസമ്മേളനം കാവീട് നടന്നു

ഗുരുവായൂർ: ഭിന്നശേഷിക്കാരായ, വീൽചെയറിലിരുന്ന് ജീവിതം തളളിനീക്കുന്നവരുടെ സംഘടനയായ ഓൾ കേരളാ വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ ജില്ലാസമ്മേളനം ഗുരുവായൂർ കാവീട് കനിവ് ആർട്സ് ആന്റ് സ്പോർട്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹക്കൂട് വേദിയിൽ നടന്നു. ശരീരമാസകലം തളർന്നുപോയവർ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ അവർ നേരിടുന്ന പ്രശ്നങ്ങൾ അധികാരികൾക്കു മുന്നിലെത്തിക്കുന്നതിനായി രൂപീകരിച്ച സംഘടനയുടെ ഊർജ്ജിതമായ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശക്തരായ ഭാരവാഹികളെ ചുമതലകളേല്പിക്കാനൊക്കെയാണ് അൻപതിലധികം അംഗങ്ങൾ യാത്രാപരിമിധികൾ മറികടന്ന് ഒത്തുചേർന്നത്. ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തിൽ കനിവ് ചാരിറ്റബിൾ സൊസൈറ്റി അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. തളർന്ന് ഇരിക്കാൻ കഴിയാത്തവർക്ക് കട്ടിലുകൾ, വീൽച്ചെയറുകൾ തുടങ്ങി എല്ലാം ഒരുക്കി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നടൻ ശിവജിയും കുടുംബവും ഒരു പരിചാരകരെ പോലെ അവർക്കിടയിലൊരാളായി മാറി.

നാലു ചുമരുകൾക്കുള്ളിലേക്ക് ജീവിതം ഒതുങ്ങിപ്പോയവരെ പുറത്തെത്തിക്കാനും, അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ ശിവജി ഗുരുവായൂർ അഭിനന്ദിച്ചു.
ആരുടെ മുന്നിലും തലകുനിക്കാതെ അവകാശങ്ങൾ നെഞ്ചുവിരിച്ച് നിന്ന് നേടിയെടുക്കണമെന്നും അതിന് ആവശ്യമായ സഹായങ്ങളുമായി ഞങ്ങളെല്ലാവരും കൂടെയുണ്ടാകുമെന്നും ശിവജി ഉറപ്പുനൽകി. ആനുകൂല്യങ്ങൾ വീട്ടിലെത്തണമെന്നും ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥരും മന്ത്രിമാരും വീടുകളിലെത്തി സഹായങ്ങൾ നൽകുന്ന സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കാൻ സംഘടന പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാട്യങ്ങളില്ലാതെ ഇടപഴകിയ ശിവജിയുടെ അഭിനയം കാണണമെന്നായി ചിലർ.
ഉച്ചഭക്ഷണത്തിന്റെ ഇടവേള കഴിഞ്ഞ് കർട്ടനുയരുമ്പോൾ ശിവജി വേദിയിൽ ഒരുക്കിയ ഫ്രീസർ സെറ്റിൽ മരിച്ച് മരവിച്ച് കിടക്കുന്നു. ശിവജിയും സുഹൃത്ത് മാത്യൂസ് പാവറട്ടിയും ചേർന്ന് അഭിനയിച്ച `മത്തായിയുടെ മരണം’ എന്ന നാടകം അവടെ കൂടിയിരുന്നവരെയാകെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. അഭിനയമായിരുന്നില്ല കഥാപാത്രങ്ങളായി ജീവിച്ചു കാണിക്കുകയായിരുന്നെന്ന് സദസ്സ് ഒന്നടങ്കം വിധിയെഴുതി. അഭിനയ പ്രതിഭകൾക്ക് ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷന്റെ ആദരവും നൽകി. വീൽചെയറിലിരുന്ന് പൊന്നാട പുതപ്പിച്ചവർക്കുമുന്നിൽ കൈകൂപ്പി ശിവജിയും മാത്യൂസും ആദരമേറ്റുവാങ്ങി. നാടക ശേഷം നടന്ന സംവാദത്തിലൂടെ ഭിന്നശേഷിക്കാരിലെ കലാകാരൻമാരെ കണ്ടെത്തിയെന്ന് ശിവജി പറഞ്ഞു. വീൽചെയറിലിരുന്ന് അഭിനയിക്കാൻ തയ്യാറായാൽ ഒരു ഭിന്നശേഷി നാടകം അരങ്ങിലെത്തിക്കാമെന്നും ആവശ്യമായ എല്ലാ പിന്തുണയും പരിശീലനവും നൽകാമെന്നും ശിവജി അറിയിച്ചു. എ.കെ.ഡബ്ല്യു.ആർ.എഫ് പ്രസിഡണ്ട് സുദർശനനൻ, സെക്രട്ടറി കവിത പി കേശവൻ, സംസ്ഥാന സമിതി അംഗം സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
സ്നേഹക്കൂട് കൂട്ടായ്മക്ക് വേണ്ടി ബഷീർ പൂക്കോട്, സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ എം.വി ഗോപാലൻ, പാലിയേറ്റിവ് പ്രവർത്തകൻ സജി എന്നിവർ നേതൃത്വത്തിൽ സഹായങ്ങൾ ഒരുക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments