Friday, September 20, 2024

സുരേഷ് ഗോപിക്കെതിരെ എൻ.കെ അക്ബർ എം.എൽ.എ; ഗുരുവായൂർ റെയിൽവേ മേൽപ്പാലം അട്ടിമറിക്കാൻ ശ്രമിച്ചവരുടെ പിണയാളുകളായി സെലിബ്രിറ്റികൾ മാറരുതെന്ന് എം.എൽ.എ

ഗുരുവായൂർ: ഗുരുവായൂർ വികസനവുമായി ബന്ധപ്പെട്ടും ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടും നടനും ബി.ജെ.പി നേതാവുമായ സുരേഷ്‌ ഗോപിയുടെ പ്രദർശനവും പ്രതികരണവും തരംതാണു പോയെന്ന് എന്ന് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ അഭിപ്രായപ്പെട്ടു.

ഗുരുവായൂർ റെയിൽവേ മേൽപ്പാലം അട്ടിമറിക്കാൻ വേണ്ടി കോടതി കയറിയവരുടെയും സമരം നടത്തിയവരുടെയുമെല്ലാം പിണയാളുകളായി ഇത്തരം സെലിബ്രിറ്റികൾ മാറരുതെന്നും, ഇത്തരം കപടപ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും എം എൽ എ പറഞ്ഞു.
റെയിൽവേ മേൽപ്പാലം പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട്‌ ഉപയോഗിച്ചാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. 22 കോടി രൂപ ചിലവഴിച്ചുകൊണ്ട് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തി വളരെ വേഗതയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിർമാണം ആരംഭിച്ച് 10 മാസത്തിനുള്ളിൽ 45 ശതമാനം പണികൾ പൂർത്തീകരിച്ചുകഴിഞ്ഞു. ബാക്കി നിർമാണപ്രവർത്തികളും അതിവേഗതയിൽ നടത്തിതീർക്കാനുള്ള നടപടികൾ എടുത്തുവരികയാണ്. എല്ലാ മാസവും അതിന്റെ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്ന് നിർമാണ പ്രവർത്തികളിൽ ഉണ്ടാകുന്ന കുറവുകൾ ചൂണ്ടികാണിക്കുകയും, ചർച്ച ചെയ്യുകയും ചെയ്ത് അതെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. എല്ലാ തലത്തിലുമുള്ള നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുന്നുമുണ്ട്. ഇത്തരത്തിൽ മുന്നോട്ട് പോകുന്ന മേൽപ്പാല നിർമാണ പ്രവർത്തിയുടെ മുന്നിൽ വന്നു നിന്ന് നിർമാണ പ്രവർത്തികൾക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും, എല്ലാ തടസ്സങ്ങൾ നീക്കുമെന്നും ഒരു മുൻ രാജ്യസഭ അംഗം പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്ടെന്ന് മനസ്സിലാകുന്നില്ല.
പൂർണമായും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ അരികിൽ വന്നുനിന്നുകൊണ്ട് ഒട്ടും നിലവാരമില്ലാതെയാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നത്. ഗുരുവായൂരിന്റെ വികസനത്തിന്‌ വേണ്ടി താല്പര്യമുള്ള ആളാണെങ്കിൽ, കഴിഞ്ഞ 8 വർഷമായി രാജ്യം ഭരിക്കുന്ന ബിജെപിയുടെ എം.പി ആയി ദീർഘകാലം പ്രവർത്തിച്ച സുരേഷ് ഗുരുവായൂരിന്റെ വികസനകാര്യങ്ങളിൽ എന്ത് നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത് എന്ന് പരിശോധിക്കണം.
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്കോട്ടുള്ള റെയിൽവേപാതക്ക് ഗുരുവായൂർ നിവാസികളുടെ മുറവിളിക്ക് എത്രയോ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏതെങ്കിലും തരത്തിലുള്ള നടപടികൾ ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ടോയെന്ന് എൻ.കെ അക്ബർ എം.എൽ.എ ചോദിച്ചു. ഗുരുവായൂരിൽ നിന്നും തീർത്ഥാടന കേന്ദ്രങ്ങളായിട്ടുള്ള പളനി, മൂകാംബിക ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഒരു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യങ്ങളോടും പുറംതിരിഞ്ഞു നിൽക്കുകയാണ് കേന്ദ്രസർക്കാർ. വരാണസി ഉൾപ്പെടെയുള്ള തീർത്ഥാടന നഗരങ്ങൾക്ക് വേണ്ടി കോടി കണക്കിന് രൂപ ചിലവഴിക്കുന്ന ബിജെപി സർക്കാർ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന നഗരങ്ങളിലൊന്നായ ഗുരുവായൂരിന്റെ വികസനത്തിന്‌ വേണ്ടി പ്രത്യേകം പാക്കേജോ, പദ്ധതികളോ നടപ്പാക്കിയിട്ടില്ല. രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ വന്നു പത്രസമ്മേളനം നടത്തി വാഗ്ദാനങ്ങൾ നിരത്തി പോയി എന്നല്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോട് കൂടിയുള്ള പരിമിത പദ്ധതികളല്ലാതെ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും എൻ കെ അക്ബർ എംഎൽഎ ചോദിച്ചു. അത്കൊണ്ട് ബിജെപിയുടെയും, ബിജെപി നേതാവിന്റെയും ഇത്തരം പ്രവർത്തനങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല.

ഗുരുവായൂർ നഗരത്തിലെ റോഡുകൾ തകർന്നത് സംബന്ധിച്ച് അദ്ദേഹം സങ്കടപെടുന്നത് കണ്ടു. ഗുരുവായൂരിലെ ജനങ്ങളുടെ രൂക്ഷമായ കുടിവെള്ള പ്രശ്ന പരിഹാരത്തിന് വേണ്ടി കരുവന്നൂരിൽ നിന്നും കുടിവെള്ളം പൈപ്പ് വഴി ഗുരുവായൂർ പ്രദേശങ്ങളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് റോഡുകൾ പൊളിക്കേണ്ടി വന്നത്. പൈപ്പിടൽ നടപടികൾ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. അതിശക്തമായ മഴയാണ് കഴിഞ്ഞ ആഴ്ചവരെ ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ മഴ മാറിയിട്ടുണ്ട്, അതിനാൽ തന്നെ അതിവേഗതയിൽ റോഡിന്റെ നിർമാണം ആരംഭിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. ബിഎംബിസി ടാറിങ് പൂർത്തീകരിക്കുന്നത്തോടെ ആധുനിക രീതിയിലുള്ള റോഡ് പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഗുരുവായൂർ റയിൽവേ മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തികളുമായി ബന്ധപ്പെട്ടാണ് ചില അസൗകര്യങ്ങൾ റോഡ്മാർഗം സഞ്ചരിക്കാൻ നിലനിൽക്കുന്നത്. സ്വഭാവികമായും നിലവിലുള്ള സാഹചര്യങ്ങളും പരിമിതമായ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോവാൻ കഴിയൂ. സർവീസ് റോഡ് പൂർണമായും തുറന്നുകൊടുക്കാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കുകയില്ല. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന്റെ ഗർഡറുകളും, സ്പാനുകളും സ്ഥാപിക്കുന്ന പ്രവർത്തികൾ നടന്ന്കൊണ്ടിരിക്കുമ്പോൾ സർവീസ് റോഡ് പൂർണമായി തുറന്ന്കൊടുക്കുക എന്നത് അസാധ്യമാണ്. എന്നിട്ടും എഞ്ചിനീയർമാരുടെ വിജ്ഞാനത്തിന്റെ കുറവിനെ പറ്റി പറയുന്ന
സുരേഷ്‌ഗോപിക്ക് ടൺ കണക്കിന് ഭാരമുള്ള സ്പാനുകളും മറ്റും ഉയർത്തുന്ന സമയത്ത് ഉണ്ടാവുന്ന അപകടസാധ്യതകളെ തള്ളി സർവീസ് റോഡ് പൂർണമായും തുറന്ന് കൊടുത്താൽ ഉണ്ടാവുന്ന ഭവിഷത്ത് അറിയാതെയാണോ സംസാരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ഉള്ളവർക്ക് വരെ മനസിലാകുന്ന ഈ കാര്യങ്ങൾ മനസിലാക്കാതെ എഞ്ചിനീയർമാരെ കുറ്റം പറയുന്നത് അപക്വമാണ്. പൂർണമായ പ്രവർത്തികൾ കഴിഞ്ഞാൽ മാത്രമാണ് സർവീസ് റോഡും പൂർണമായി തുറന്ന്കൊടുക്കുവാൻ സാധിക്കുക.
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് ഓൺലൈൻ സംവാദം സംഘടിപ്പിച്ച സംഘടന ഇദ്ദേഹത്തിന് മാത്രമായി ഒരു ഓഫ്‌ലൈൻ പ്രദർശനം സംഘടിപ്പിച്ചതിൽ ദുരൂഹതയുണ്ട്. ചില ബിജെപി സെലിബ്രിറ്റികൾക്ക് വേണ്ടിയുള്ള സേവ സംഘടനയായി ഇത്തരം സംഘടനകൾ മാറുന്നുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്. ഒരു കാര്യം ഉറപ്പ് നൽകുകയാണ്..
ഗുരുവായൂരിന്റെ ശാശ്വതമായ വികസനത്തിന്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആത്മാർത്ഥമായ പ്രവർത്തങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. കാലങ്ങളായി ശാശ്വതമായ പരിഹാരം കാണാതെ കിടന്നിരുന്ന ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പൂർത്തീകരിച്ചതും, ഗുരുവായൂർ റിങ്റോഡ് ബിഎംബിസി ടാറിങ് ചെയ്ത് ആധുനികരീതിയിൽ സഞ്ചാരയോഗ്യമാക്കിയതും, ടൈൽസ് വിരിച്ചതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണ്. അതിവേഗതയിൽ തന്നെ ഗുരുവായൂർ തീർത്ഥാടന ടൂറിസം പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾക്ക് രൂപം നൽകും, ഗുരുവായൂർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാനും, കുടിവെള്ളത്തിന് വേണ്ടി പൊളിക്കേണ്ടി വന്ന റോഡുകൾ ബിഎംബിസി ടാറിങ് ചെയ്തു തീർക്കുന്നതിന് വേണ്ടിയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് എൻ.കെ അക്ബർ എംഎൽഎ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments