ചാവക്കാട്: മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി ചെളിയിൽ താഴ്ന്നു മരിച്ച തിരുവത്ര ചെങ്കോട്ട തൊണ്ടംപിരി വീട്ടിൽ ഷാഹുവിന്റെ മകൻ ഷെബിന്(18) നാട് കണ്ണീരോടെ വിട നൽകി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് വീട്ടിൽ കൊണ്ട് വന്നു. ഷെബിനെ അവസാന നോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നാടിൻറെ നാനാ തുറകളിൽ നിന്നായി ഒട്ടേറെ പേരെത്തി. മൃതദേഹം ഇന്നാണ് കബറടക്കിയത്. പുതിയറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്ന കബറടക്ക ചടങ്ങിലും ബന്ധുക്കൾ ഉൾപ്പെടെ നിരവധി പങ്കെടുത്തു. -സർക്കിൾ ന്യൂസ് ബ്യൂറോ ചാവക്കാട്-
എൻ.കെ അക്‌ബർ എം.എൽ.എ, മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി അബ്ദുൽകാദർ, സിപിഎം ഏരിയ സെക്രട്ടറി ടി.ടി ശിവദാസ്, ചാവക്കാട് നഗരസഭ ചെയർപേഴ്സഷൻ ഷീജാ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ, ടി.എം സിദ്ധീഖ് പൊന്നാനി തുടങ്ങിയ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. സിദ്ധീഖ് പള്ളിക്കുളത്തിൽ ഷെബിൻ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് കുളിക്കാനെത്തിയത്. ഇതിനിടയിൽ ഷെബിൻ കുളത്തിലെ ചെളിയിൽ മുങ്ങുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരും ഗുരുവായൂർ ഫയർ ഫോഴ്സും ചേർന്ന് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ഷെബിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥിയായിരുന്ന ഷെബിൻ ഈ വർഷമാണ് വിജയിച്ചത്. ഡിഗ്രിക്കു ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ഉമ്മു റഹ്മത്തിന്റെ ഭർതൃ സഹോദരനാണ് ഷെബിന്റെ പിതാവ് ഷാഹു.