ഗുരുവായൂർ: ഗുരുവായൂർ – തിരുനാവായ റെയിൽ പാത നിർമ്മാണം അട്ടിമറിക്കപ്പെട്ടത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ-തിരുനാവായ റെയിൽ പാത നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമ ഹർജിയിലേക്കുള്ള ഒപ്പുശേഖരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം.എൽ.എ. കേരളത്തിലെ റെയിൽവേ മേഖലയിലെ പോരായ്മകൾ പരിഹരിക്കുന്നതിനും, റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനും ഗുരുവായൂരിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിനും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
തിരുനാവായ ലൈൻ നിർമ്മാണമാരംഭിക്കുന്നതിനോടൊപ്പം ഗുരുവായൂർ- പൂങ്കന്നം ലൈനിൽ നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള റെയിൽവേ ലൈൻ നിർമ്മാണ സാധ്യത കൂടി പരിശോധിക്കണമെന്നും അക്ബർ ആവശ്യപ്പെട്ടു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, സെക്രട്ടറി ആർ രവികുമാർ, ഖജാൻജി വി.പി ആനന്ദൻ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 1O മണി മുതൽ വൈകീട്ട് 5 മണി വരെ ഗുരുവായൂർ കിഴക്കെ നടയിലും പടിഞ്ഞാറെ നടയിലും പ്രത്യേകം കൗണ്ടറുകൾ സ്ഥാപിച്ചാണ് ഒപ്പ് ശേഖരണം നടത്തിയത്. കൂടാതെ ഗുരുവായൂരിലെ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ പ്രത്യേക നിവേദനം കൂടി ഉൾപ്പെടുത്തിയാണ് ഭീമ ഹർജി തയ്യാറാക്കിയിട്ടുള്ളത്.