തൃശൂര്‍: ചാവക്കാട്ടെ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) ശനിയാഴ്ച രാവിലെയാണ് മരിച്ചത്. യുവാവിന്റെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഞായറാഴ്ച ഉച്ചയ്ക്ക് ലഭിക്കും. മൂന്നു ദിവസം മുൻപ് യുഎഇയിൽ നിന്നെത്തിയ യുവാവിനെ ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവിന് മങ്കിപോക്സിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് ചുവന്ന കുരുക്കൾ ഉണ്ടായിരുന്നില്ല. കഴലവീക്കം, തലച്ചോറിനെ ഈ രോഗം ബാധിക്കുമ്പോൾ ഉണ്ടാകുന്ന അപസ്മാരം, തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. യുഎഇയിൽ നിന്നു വരുമ്പോൾ നടത്തിയ പരിശോധനയിൽ മങ്കിപോക്സാണെന്നു ഏറെക്കുറെ വ്യക്തമായിരുന്നുവെന്ന് പറയുന്നു.
മങ്കിപോക്സ് സംശയിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് കത്തു നൽകിയിട്ടുണ്ട്. കോവിഡ് സമാനമായ നിയന്ത്രണങ്ങളോടെ മൃതദേഹം സംസ്കരിക്കും.
അതേസമയം, രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി. ഇയാളെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച മറ്റു രണ്ടു പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.