ചാവക്കാട്: കാർഷിക ഗ്രാമ വികസന ബാങ്കിൽ ഇന്ന് നടന്ന തെരെഞ്ഞെടുപ്പിൽ ഡി.സി.സി.യുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മൽസരിച്ച വിമത സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ നേതൃത്വം നൽകിയ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ ഗോപപ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ വി.കെ സുജിത്ത്, സി.എസ് സൂരജ്, കെ.ബി വിജു, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രതീഷ് ഒടാട്ട് എന്നിവരാണ് കെ.പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾക്ക് കത്ത് നൽകിയത്. ഇന്ന് നടന്ന കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിൽ വിമത സ്ഥാനാർത്ഥിയായി മൽസരിച്ച സുരേഷാണ് തിരഞ്ഞെടുക്കപ്പെട്ടത്.