കായംകുളം: അന്തര്‍ സംസ്ഥാന ബസില്‍ സിന്തറ്റിക് മയക്കുമരുന്നുമായി എത്തിയ രണ്ടു പേര്‍ കായംകുളത്ത് പിടിയില്‍. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരെയാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 70 ഗ്രാം എം.ഡി.എം.എ. പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ മൂന്നര ലക്ഷത്തോളം വില വരുമെന്ന് പോലീസ് പറഞ്ഞു.
ഗോവയില്‍നിന്നും മുംബൈയില്‍നിന്നും സിന്തറ്റിക് മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ബസില്‍ മയക്കുമരുന്നുമായി എത്തിയ രണ്ടു പേരും പിടിയിലായത്. മാസത്തില്‍ രണ്ടോ മൂന്നോ തവണ സംസ്ഥാനത്തിന് പുറത്തുപോയി മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ അനീഷ് വെളിപ്പെടുത്തി. ഗ്രാമിന് 1500 രൂപയ്ക്ക് എം.ഡി.എം.എ. വാങ്ങുന്ന ഇവര്‍ 5000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. കായംകുളത്തെ ക്വട്ടേഷന്‍ സംഘങ്ങളും കോളേജ് വിദ്യാര്‍ഥികളുമാണ് ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നതെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ അനീഷ് കനകക്കുന്ന് പോലീസ് സ്‌റ്റേഷനില്‍ വധശ്രമക്കേസിലെ പ്രതിയാണ്. ഇവരുമായി ഇടപാട് നടത്തിയവരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.