Friday, September 20, 2024

ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചു; സവർക്കർ കുട പൂരം ചമയ പ്രദർശനത്തിൽ നിന്ന് പിൻവലിച്ചു; വിവാദത്തിൽ നിന്നും തലയൂരി പാറമേക്കാവ് ദേവസ്വം

തൃശൂർ: തൃശൂരിന്റെ സാഹോദര്യോൽസവമായ തൃശൂർ പൂരത്തിനെ അപമാനിതമാക്കും വിധത്തിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ സവർക്കറുടെ ചിത്രം സ്പെഷൽ കുടയിൽ ഉൾപ്പെടുത്തിയതിൽ സർക്കാരിന് അതൃപ്തി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജനും വിഷയത്തിലുള്ള എതിർപ്പ് ദേവസ്വങ്ങളെ അറിയിച്ചു. ഇതോടെ പ്രദർശനത്തിൽ നിന്നും കുടകൾ നീക്കം ചെയ്തു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പൂരം കെങ്കേമമായി ആഘോഷിക്കാൻ നാടൊന്നാകെയൊരുങ്ങുന്നതിനിടെയാണ് പൂരത്തിന്റെ പെരുമയെയും തൃശൂരിന്റെ പൂര പൈതൃകത്തെയും പാരമ്പര്യത്തെയും അപമാനിക്കുന്ന വിധത്തിൽ സംഭവമുണ്ടായത്. പൂരത്തിലെ ആകർഷണീയമായ തെക്കേനടയിലെ കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷൽ കുടകളിലാണ് ആർ.എസ്.എസ് നേതാവ് സവർക്കറുടെ സവർക്കറുടെ ചിത്രമുള്ള കുടയും ഇടം നേടിയിരുന്നത്. പാറമേക്കാവ് വിഭാഗം ചമയങ്ങളുടെ പ്രദർശനത്തിൽ സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദർശിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഗാന്ധിയും വിവേകാനനന്ദനും സുഭാഷ് ചന്ദ്രബോസും മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളുമടക്കമുള്ളവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കുടകൾക്കിടയിലാണ് സവർക്കറുടെ ചിത്രവും ഉൾപ്പെട്ടിരുന്നത്. രാവിലെ നടൻ സുരേഷ് ഗോപിയും പി.ബാലചന്ദ്രൻ എം.എൽ.എയും ചേർന്നാണ് പാറമേക്കാവ് വിഭാഗത്തിൻറെ ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഈ സമയത്ത് ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ദേവസ്വം അധികൃതരും അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. പ്രദർശനത്തിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴാണ് വിവാദമായത്. തൃശൂർ പൂരം കക്ഷി രാഷ്ട്രീയത്തിനും മതഭേദങ്ങൾക്കും വലിപ്പ ചെറുപ്പങ്ങൾക്കുമുപരിയായി ഒന്നിച്ച് ആഘോഷിക്കുന്നതാണ് പ്രത്യേകത. രാഷ്ട്രീയപാർട്ടികളോ മറ്റേതെങ്കിലും കക്ഷികളോ ഒരിക്കലും പൂരത്തെ തങ്ങളുടേതാക്കി മാറ്റാനും ആരും ശ്രമിക്കാറില്ല. പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടികളെല്ലാവരും ദേവസ്വവുമായി സഹകരിക്കുന്നതും അവരുടെ ആവശ്യങ്ങളിൽ ഒന്നിച്ചു നിൽക്കുന്നവരുമാണ്. ജില്ലയിൽ നിന്ന് പ്രത്യേകിച്ച് തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി ഉണ്ടെന്നിരിക്കെ ചമയപ്രദർശനത്തിന്റെ ഉദ്ഘാടനത്തിന് മുൻ എം.പിയായ സുരേഷ്ഗോപിയെ വിളിച്ചതിൽ ഇടത് വലത് മുന്നണികളിൽ അതൃപ്തിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുട ഇടം നേടുന്നത്. ഇതിനിടെ ചട്ടമ്പി സ്വാമിയും മന്നത്തും അടക്കമുള്ള നവോത്ഥാന നായകരുടെ ചിത്രം കുടകളിൽ ഇടം നേടിയപ്പോൾ ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താതിരുന്നതും ചർച്ചക്കിടയാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments