Friday, September 20, 2024

കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിക്കും, സ്വർണം പൂശിയത് അണിയിക്കും, കട്ടപ്പനയിൽ മാത്രം സുശീല നടത്തിയത് 3 മോഷണങ്ങൾ

ഇടുക്കി: കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയും ടൌണിലെ തിരക്കുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് കുട്ടികളുടെ സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്ന സ്ത്രീയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കുഴിത്തൊളു കുഴിക്കണ്ടം പന്നയ്ക്കൽ സുശീല ആണ് മോഷണം നടത്തി മണിക്കൂറുകൾക്കകം കട്ടപ്പന പോലീസിൻറെ പിടിയിലായത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് ആദ്യത്തെ സംഭവം. കട്ടപ്പനയിലെ സെൻറ് ജോൺസ് ആശുപത്രിയിൽ  മാതാപിതാക്കൾക്കൊപ്പം എത്തിയ കുട്ടിയുമായി സൌഹൃദം സ്ഥാപിച്ച് കയ്യിൽ കിടന്നിരുന്ന ഒരു പവൻറെ ആഭരണം കവർന്നു. ഏപ്രിൽ 25 ന് ആശുപത്രിയിൽ എത്തിയ മറ്റൊരു കുട്ടിയുടെ കയ്യിൽ നിന്നും ആറു ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വള മോഷ്ടിച്ചു.  ഈ മോഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിയെക്കുറിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഫോട്ടോ സഹിതം പൊലീസ് സൂചന നൽകിയിരുന്നു. ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി മോഷണം നടന്ന വിവരം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടെ ബുധനാഴ്ച ആശുപത്രി പരിസരത്തെത്തിയ സുശീല അവിടെ എത്തിയ കുട്ടികളിൽ ഒരാളെ കയ്യിൽ വാങ്ങി കളിപ്പിക്കുന്നതിനിടെ കയ്യിൽ കിടന്നിരുന്ന വള മോഷ്ടിച്ച ശേഷം കടന്നു കളഞ്ഞു.  ഇതിനു ശേഷം ഗാന്ധി സ്ക്വയറിനു സമീപത്തെത്തി. ഈ സമയം ഡ്രഗ്സ് കൺട്രോൾ ഓഫീസിൽ നിന്നും അമ്മ മൂന്നു കുട്ടികളെയുമായി ഇറങ്ങി വരുന്നത് കണ്ടു. രണ്ടും അഞ്ചും പത്തും വയസ്സുള്ള കുട്ടികളായിരുന്നു ഇവർ. റോഡിലെത്തിയപ്പോൾ മൂത്ത കുട്ടിയോട് ഇളയ ആൾക്ക് വെള്ളം വാങ്ങി നൽകാൻ അമ്മ പറഞ്ഞു വിട്ടു. ഇതു കണ്ട സുശീല റോഡ് മുറിച്ചു കടക്കാൻ കുട്ടികളെ സഹായിക്കാനെത്തി. കയ്യിൽ പിടിച്ച് റോഡ് കടത്തുന്നതിനിടെ വള ഊരിയെടുത്തു. തിരികെ എത്തിയപ്പോൾ വള ഊരിയെടുത്ത വിവരം കുട്ടി അമ്മയോട് പറഞ്ഞു. ഇവർ പരാതിയുമായി കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തി.

ഉടൻ തന്നെ പൊലീസ് ടൗണിൽ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതോടെ ടൌണിലെ കടകളിൽ നിന്നും മറ്റും  സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സുശീലയോട് സാമ്യമുള്ളയാൾ കട്ടപ്പനയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ എത്തിയതായി കണ്ടെത്തി. വിശദമായ പരിശോധനയിൽ മോഷണം നടത്തുന്ന സുശീലയാണെന്ന് കണ്ടെത്തി.

സ്വർണം പണയം വയ്ക്കാനായി നൽകിയ വിലാസത്തിൽ നിന്ന് സുശീലയുടെ വീട് കണ്ടെത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു.. ചെറിയ കുട്ടകളിൽ നിന്നും സ്വർണം കവർന്ന ശേഷം സ്വർണം പൂശിയ ആഭരങ്ങൾ ഇവർ അണിയിച്ചു വിടാറുണ്ടെന്നും പോലീസിനോട് ഇവർ സമ്മതിച്ചിട്ടുണ്ട്. സ്വർണ്ണാഭരണങ്ങൾ പണയംവച്ച ധനകാര്യ സ്ഥാപനങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തു.

കവർന്നെടുക്കുന്ന സ്വർണം സമീപത്തുള്ള ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം കൈക്കലാക്കുകയാണ് പതിവ്. കട്ടപ്പന ഡി വൈ എസ് പി വി . എ നിഷാദ്മോൻറെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ എസ് ഐ കെ. ദിലീപ് കുമാർ , എസ് ഐമാരായ എം എസ് ഷംസുദ്ദീൻ, പ്രഷോഭ്, സി പി ഒ മാരായ പ്രശാന്ത് മാത്യു, അരുൺ കുമാർ, റസിയ , സുശീല, ടെസിമോൾ , പ്രദീപ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments