ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എൽ.ഡി.എഫ്. എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി ഗോപാലകൃഷ്ണനെ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ഗുരുവായൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി.സുമേഷാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് ബി ഗോപാലകൃഷ്ണൻ മതം പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയത്. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്നായിരുന്നു ബി ഗോപാലകൃഷ്ണൻ്റെ പ്രസ്താവന. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചത്.

