കണ്ണൂർ: ഇരുന്ന കസേരയടക്കം മകൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ അമ്മ ചികിത്സയ്ക്കിടെ മരിച്ചു. പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി.ശാന്ത (88) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ മകൻ സജീവനെ കഴിഞ്ഞദിവസം ബന്ധുക്കളുടെ സഹായത്തോടെ പോലീസ് പിടികൂടി. കഴിഞ്ഞ ബുധനാഴ്ച രാത്രി 11-ഓടെയാണ് സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിൽ കസേരയിൽനിന്ന് എഴുന്നേൽക്കാൻ അനുവദിക്കാതെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയടിച്ചുവീണ ശാന്തയെ വീട്ടുകാരും ഓടിക്കൂടിയ അയൽക്കാരും ചേർന്ന് കണ്ണൂരിലെ ആസ്പത്രിയിലെത്തിച്ചു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. വധശ്രമത്തിന് റിമാൻഡിൽ കഴിയുന്ന സജീവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഭർത്താവ്: പരേതനായ രാമൻ. മറ്റുമക്കൾ: രഞ്ജിനി, സജിത, സജിനി, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽകുമാർ.

