തൃശൂർ: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായ ഹിയറിങ് തൃശ്ശൂര്‍ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും പൂര്‍ത്തിയായി. 2025 ഡിസംബര്‍ 23 ന് (23-12-2025) പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ആകെ 24,02,432 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 2002 എസ്.ഐ.ആര് പട്ടികയുമായി നേരിട്ടോ മാതാപിതാക്കള്‍ വഴിയോ ബന്ധിപ്പിക്കാനാകാത്ത 1,95,350 വോട്ടര്‍മാര്‍ക്കും 2002 പട്ടികയുമായി ബന്ധിപ്പിച്ചതില്‍ പൊരുത്തക്കേട് കണ്ടെത്തിയ 1,62,771 വോട്ടര്‍മാര്‍ക്കുമാണ് ഹിയറിങ് സംഘടിപ്പിച്ചിരുന്നത്.
വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം ജില്ലയിലെ 535 കേന്ദ്രങ്ങളിലായാണ് അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ ഹിയറിംഗ് നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച് നല്കിയ രേഖകളുമായി ഹാജരായ വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിച്ച് ആധികാരികത ഉറപ്പാക്കിയാണ് ഹിയറിംഗ് നടപടി പൂര്‍ത്തീകരിച്ചത്. ഹിയറിങ്ങിന് ഹാജരാകാതിരുന്നവര്‍ക്ക് വീണ്ടും അവസരം അനുവദിച്ചിരുന്നു. ഹിയറിങ്ങിന് നേരില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ബന്ധു മുഖേന രേഖകള്‍ ഹാജരാക്കുന്നതിനുളള അവസരവും നല്‍കിയിരുന്നു.
ആകെ 3,030 വോട്ടര്‍മാരാണ് ഹിയറിങ്ങിന് ഒടുവില്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് യോഗ്യരല്ല എന്ന് കണ്ടെത്തിയിട്ടുളളത്. ഇതില്‍ 379 പേര് കരട് പട്ടിക പുറത്തിറക്കിയ ശേഷം മരണപ്പെട്ടവരാണ്. 117 പേര് മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരും 2,534 പേര് സ്ഥിരമായി സ്ഥലംമാറി പോയവരുമാണ്. ഈ വോട്ടര്‍മാരെ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതാണ്. ഹിയറിങ്ങ് നടപടിയില്‍ ആക്ഷേപം ഉളളവര്‍ക്ക് ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.
ഹിയറിങ് പ്രക്രിയയോട് സഹകരിച്ച വോട്ടര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നന്ദി അറിയിച്ചു. ഹിയറിങ്ങ് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രയത്നിച്ച ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, മറ്റുവകുപ്പുകളില്‍ നിന്നും നിയോഗിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരേയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
23-12-2025 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ആകെ 74,244 ഫോറം 6, പ്രവാസി വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിനായി ആകെ 16,938 ഫോറം 6 എ, പേര് നീക്കുന്നതിനായി 3,829 ഫോറം 7, തിരുത്തലുകളും സ്ഥലമാറ്റത്തിനുമായി 34,599 ഫോറം 8 എന്നിവ ലഭിച്ചിരുന്നു. കരട് പട്ടികയില്‍ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും 14-02-2026 ന് തീര്‍പ്പാക്കും. ഒരു ബൂത്തിലെ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1,200 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 501 പുതിയ ബൂത്തുകള്‍ രൂപീകരിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക 21-02-2026 ന് പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അപേക്ഷകള്‍ നാമനിര്‍ദ്ദേശ സമര്‍പ്പിക്കുന്നതിനുളള അന്തിമ തീയതിയുടെ 10 ദിവസം മുന്‍പ് വരെ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുളള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി വരെ നല്‍കാം. ഈ അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കി തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു സപ്ലിമെന്ററി വോട്ടര്‍ പട്ടിക കൂടെ പ്രസിദ്ധീകരിക്കും.

