ചാവക്കാട്: രണ്ട് പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് മൂന്നാമത്തെ പോക്സോ കേസിൽ ആറുവർഷം കഠിന തടവ്. ചാവക്കാട് ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവനേ(52)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 6 വർഷം കഠിന തടവിനും 40,000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവായി. 12കാരനെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സർക്കിൾ ലൈവ് ന്യൂസ് അപ്ഡേറ്റ്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ഷൗജത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ പി.എസ് അനിൽ കുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് എസ്.ഐ സെസിൽ ക്രിസ്ത്യൻ രാജാണ് കേസിന്റ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി 12 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. കുട്ടിയുടെ ഇളയ സഹോദരനേയും കൂട്ടുകാരനെയും ലൈംഗിക പീഡനത്തിന് വിധേയനാക്കിയതിന് 130 വർഷവും 110 വർഷവും രണ്ടു കേസുകളിൽ ആയി ഇതേ കോടതിയിൽ നിന്ന് വിധിച്ച ശിക്ഷ അനുഭവിച്ചു വരികയാണ് പ്രതി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസറും സി.പി.ഒ യുമായ എ പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

