ചാവക്കാട്: ചരിത്ര പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനംകുടം നേർച്ചക്ക് ഇന്ന് തുടക്കം. രാവിലെ ഒമ്പതിന് ചാവക്കാട് ടൗണിൽ നിന്നും പ്രജ്യോതിയുടെ ആദ്യ കാഴ്ച തുടങ്ങും. തുടർന്ന് വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വാദ്യമേങ്ങളും ഗജവീരന്മാരും അണിനിരക്കുന്ന കാഴ്ചകൾ ജാറം അങ്കണത്തിലെത്തും. നേർച്ചയുടെ പ്രധാന ദിനമായ നാളെ (വ്യാഴം) രാവിലെ ഒമ്പതിന് പഴയപാലം പരിസരത്തുനിന്ന് പുറപ്പെടുന്ന താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി പതിനൊന്നര മണിയോടെ മണത്തല പള്ളി ജാറത്തിൽ എത്തിച്ചേരും. നാടിൻ്റെ വിവിധ ദിക്കുകളിൽ നിന്നും കൊടിയേറ്റ കാഴ്‌ചകളും തൊട്ടു പിറകെ പള്ളി അം ങ്കണത്തിൽ എത്തി കൊടിയേറ്റും. ഹൈന്ദവ വിശ്വാസികളായ സഹോദരങ്ങൾ പള്ളി മുറ്റത്തെ താണി മരത്തിൽ മുട്ടയും പാലും സമർപ്പിക്കും. ഉച്ചതിരിഞ്ഞ് നാട്ടുകാഴ്ചകളും വിവിധ ക്ലബ്ബുകളുടെ കാഴ്ച്ചകളും ഉണ്ടാകും. ഇന്നും നാളെയുമായി കൊടിയേറ്റ കാഴ്ച, നാട്ടുകാഴ്ച, ചങ്ക്സ് ബസ് സ്റ്റാന്റ്, സിക്കാഡ വോൾഗ, ക്രസന്റ് ചീനിച്ചുവട്, എൻജോയ് വിത്ത് യൂത്ത് പുത്തൻകടപ്പുറം, എച്ച്.എം.സി ബ്ലാങ്ങാട്, ജൂബിലി ബേബി റോഡ്, മഹാ കാഴ്ച ചാവക്കാട്, മഹാത്മ ഫെസ്റ്റ് കോളനിപ്പടി, മിറാക്കിൾസ് സിദ്ദീഖ് പളളി, നന്മ ഫെസ്റ്റ് ഷാഫി നഗർ, ഓഫ് റോഡ് കാഴ്ച വൈലി, ഒമേഗ വഞ്ചിക്കടവ്, പവർ അയിനിപ്പുളളി, റോഡീസ് മണത്തല, ഷാഡോസ് നാട്ടുകാഴ്ച ബേബി റോഡ്, ശാന്തി പീപ്പിൾ തെക്കഞ്ചേരി, സ്പാർക്ക് ചാവക്കാട് ടൌൺ പളളി, ടൈറ്റൻസ് പരപ്പിൽതാഴം, വിസ്മയ വഞ്ചിക്കടവ്, വോൾഗ ഫെസ്റ്റ്, കോട്ടപ്പുറം ഫെസ്റ്റ് തുടങ്ങി വിവിധ കാഴ്ചകൾ മണത്തലയിലെത്തും.

