ചാവക്കാട്: വിവിധ നിറങ്ങളുള്ള നൂലുകൾ സൂചിയിൽ കോർത്ത് സമസ്തയുടെ നൂറാം വാർഷിക ലോഗോ നിർമ്മിച്ച് വിസ്മയം തീർത്ത് ഐഷ ഫർഹ. തിരുവത്ര വാദി നൂർ മദ്റസയിലെ എഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഐഷ ഫർഹ. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രചരണം നടക്കവേയാണ് മദ്റസയിൽ ഒട്ടിച്ച പോസ്റ്ററിലെ ലോഗോ ഐഷയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ലോഗോ തന്റെ വിരൽ തുമ്പുകൊണ്ട് നെയ്തെടുത്താലോ എന്ന ചിന്തയുദിച്ചു. ഐഷ ഫർഹയുടെ ആഗ്രഹം സഫലീകരിക്കാൻ മദ്റസയിലെ മിർ കാസിം ഉസ്താദ് പൂർണ്ണ പിന്തുണയുമായി എത്തിയതോടെ
എംബ്രോയിഡറി പഠനം പൂർത്തിയാക്കി. തുടർന്ന് നിറങ്ങൾക്കനുസരിച്ച നൂലുകൾ സൂചിയിൽ കോർത്ത് വൃത്താകൃതിയിൽ തയ്യാറാക്കിയ തുണിയിൽ ലോഗോ തുന്നിയെടുക്കുകയായിരുന്നു. പണിക്കവീട്ടിൽ യൂസഫ് – ഫൗസിയ ദമ്പതികളുടെ ഏക മകളാണ് ഐഷ ഫർഹ. പഠനത്തിടയിലെ ഒഴിവ് സമയങ്ങൾ ഉപയോഗിച്ച് ഒരാഴ്ച സമയമെടുത്താണ് ലോഗോ നെയ്തെടുത്തത്. ചാവക്കാട് ഉപജില്ല കലോൽത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുള്ള ഐഷ , മദ്റസയിലെ കലാ മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നൂറിന്റെ തീരത്തേക്ക് അടുക്കുന്ന പായ്ക്കപ്പലിന് സമാനമായ സമസ്തയുടെ ലോഗോ നെയ്തെടുത്ത് ചരിത്ര സമ്മേളനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഐഷ ഫർഹ. പ്രോത്സാഹനവുമായി സഹപാഠികളും അദ്ധ്യാപരും രക്ഷിതാക്കളും കൂടെയുണ്ട്.

