കൊടുങ്ങല്ലൂർ: കോൺക്രീറ്റ് സ്ലാബിൽ കാലിടിച്ച് മുറിവേറ്റ് ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയുടെ പാദത്തിലെ മുറിവിൽനിന്ന് കോൺക്രീറ്റ് കഷണം നീക്കാതെ മുറിവ് തുന്നിയതായി പരാതി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ചികിത്സപ്പിഴവ് സംഭവിച്ചതായി പരാതിയുയർന്നത്. കാലിലെ മുറിവ് പഴുത്ത് ഒരുമാസത്തോളം പഠനം മുടങ്ങിയെന്നാരോപിച്ച് കുട്ടിയുടെ പിതാവ് കാവിൽക്കടവ് തച്ചിപറമ്പിൽ രാജേഷ് വകുപ്പ് മന്ത്രി, ഡിഎംഒ, നഗരസഭാ ചെയർമാൻ, താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്. വലപ്പാട് ശ്രീരാമ പോളിടെക്‌നിക് രണ്ടാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയാണ് പെൺകുട്ടി.
ഡിസംബർ ആറിന് വീടിനു മുകളിൽവെച്ച് വലതുകാലിൽ കോൺക്രീറ്റ് സ്ലാബിടിച്ച് പരിക്കേറ്റിരുന്നു. തുടർന്ന് താലൂക്കാശുപത്രിയിൽ ചികിത്സ തേടി എത്തി. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് കാലിൽ തുന്നലിടുകയും മരുന്നുവെച്ച് കെട്ടുകയും ചെയ്തു.
രണ്ടു ദിവസത്തിലൊരിക്കൽ മരുന്ന് വയ്ക്കാൻ നിർദേശിച്ചതിനാൽ എട്ടുതവണ ആശുപത്രിയിലെത്തി. അപ്പോഴെല്ലാം മുറിവിലെ കടുത്ത വേദനയുടെയും പഴുപ്പിന്റെയും കാര്യം പറഞ്ഞിരുന്നു. എന്നാൽ, പഴുപ്പ് ഞെക്കിക്കളഞ്ഞ് മരുന്നുവെച്ച് വിടുകയാണ് ചെയ്തത്. ഒടുവിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മുറിവിൽ സ്ലാബിന്റെ കഷണം കണ്ടെത്തിയത്.
പരാതിയിൽ അന്വേഷണം നടത്തുമെന്നും ഡ്യൂട്ടി ഡോക്ടറോടും ബന്ധപ്പെട്ട ജീവനക്കാരോടും വിശദീകരണം ചോദിക്കുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

