ചാവക്കാട്: എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ആണ്ടുനേർച്ചയുടെ ഭാഗമായുള്ള 168-ാമത് ചന്ദനകുടം നേർച്ചയ്ക്ക് ഇന്ന് തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന നേർച്ച ആഘോഷത്തിൽ 32 ഓളം കാഴ്ചകളിലായി 25 ഓളം ഗജവീരന്മാർ അണിനിരക്കും.ഇന്ന് രാവിലെ എട്ടിന് എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ അയ്യപ്പുവിന്റെ വീട്ടിൽനിന്ന് ആദ്യ കാഴ്ച പുറപ്പെടുന്നതോടെയാണ് ആഘോഷങ്ങൾ തുടങ്ങുക. പഞ്ചവടി കടപ്പുറത്ത് നിന്ന് പുറപ്പെടുന്ന തിരുമുൽക്കാഴ്‌ച രാത്രി 11 മണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് സർഗോ ഫെസ്റ്റ്, ഗെല്ലി ഫെസ്റ്റ്, ഖൽസർ ഫെസ്റ്റ്, വടക്കൻസ് കാഴ്ച എന്നിവയും ഉണ്ടാകും. നേർച്ചയുടെ പ്രധാന ദിവസമായ നാളെ (ശനി) രാവിലെ യഹിയ തങ്ങളുടെ വസതിയിൽ നിന്നും അതിർത്തി സിദ്ദീഖ് മഹ്ളറ പള്ളി പരിസരത്തു നിന്നും ആരംഭിക്കുന്ന തെക്ക്, വടക്ക് ഭാഗം കമ്മറ്റികളുടെ കൊടിക്കയറ്റ കാഴ്‌ചകൾ കൃത്യം 11.30 ന് ജാറത്തിൽ എത്തി കൊടികയറ്റും. തുടർന്ന് വടക്ക്, തെക്ക് ഭാഗം കമ്മറ്റികളിലെ വിവിധ ക്ലബ്ബുകളുടെ കാഴ്ചകൾ ജാറം അങ്കണത്തിൽ എത്തിച്ചേരും. നേർച്ചയുടെ ഭാഗമായി കനത്ത സുരക്ഷയാണ് ചാവക്കാട് പോലീസ് ഒരുക്കിയിട്ടുള്ളത്.

