Thursday, January 8, 2026

ഉൽസവത്തിനിടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ചു; യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

അരിമ്പൂർ: ഉൽസവത്തിനിടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. തൃശൂർ പേരാമംഗലം സ്വദേശികളായ കുടുംബം ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമൊത്താണ് അരിമ്പൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിയത്. ഉൽസവത്തിന്റെ പ്രധാന ദിവസമായതിനാൽ ക്ഷേത്ര പരിസരത്തെല്ലാം വലിയ ആൾത്തിരക്കായിരുന്നു. അതിനിടെ രാത്രി ഏഴുമണിയോടെയാണ് പളനി അമ്മാൾ കുഞ്ഞിന്റെ മാലപൊട്ടിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേയ്ക്കും മാല പൊട്ടിച്ചെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരും പൊലീസും പിൻതുടർന്നതോടെ യുവതി മാല അടുത്തുള്ള കടയിലേയ്ക്ക് വലിച്ചെറിഞ്ഞ് ഓടി. ഇതോടെ നാട്ടുകാർ യുവതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് പ്രതിയെ അന്തിക്കാട് പൊലീസിന് കൈമാറി. മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തിന് മുറിവേറ്റു. ക്ഷേത്ര ഉൽസവങ്ങളുടെ മറവിൽ മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായ യുവതിയെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിൽ അന്തിക്കാട് പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments