ചാവക്കാട്: മണത്തല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വർഷങ്ങളായി കട്ടപ്പുറത്തിരുന്ന ബസ്സ് ഇന്ന് വീണ്ടും നിരത്തിലിറക്കി. മണത്തല ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ കൂട്ടായ്മയിലാണ് ലക്ഷങ്ങൾ ചിലവഴിച്ച് ബസ്സിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നിരത്തിലിറക്കിയത്. കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ബസ്സ് പൂർവ്വ വിദ്യാർത്ഥികളുടെ ഇച്ഛാശക്തിയോടെ നവീകരിച്ച് ഇന്ന് കുട്ടികൾക്കായി സമർപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എ.എച്ച് അക്ബർ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ബസ്സിൻ്റെ പുതുക്കിയ ഡോക്യുമെൻ്റ്സ് ഒ.എസ്.എ പ്രസിഡണ്ട് ബൈജു തെക്കൻ പി.ടി.എ പ്രസിഡണ്ട് കെ.കെ മുബാറക്കിന് കൈ മാറി. സ്കൂൾ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക, അധ്യാപകർ, ഒ.എസ്.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സ്കൂളിലെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മാസങ്ങളോളം നീണ്ട പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലുള്ളതെന്ന് ഒ.എസ്.എ ഭാരവാഹികൾ പറഞ്ഞു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഗ്രൂപ്പിൽ ഏകദേശം 900 ത്തോളം അംഗങ്ങൾ സജീവമാണ്. പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ കരുത്താർന്ന പ്രവർത്തനം ഇത്തരം സൽകർമങ്ങൾ ചെയ്യാൻ ഊർജം നൽകുന്നതെന്ന് ഭാരവാഹികളായ നസീർ മടപ്പേൻ, ബൈജു തെക്കൻ, ഫിർക്കാനുദ്ദീൻ ചാവക്കാട്, സുരേഷ് പാലക്കൽ, പി.കെ അഷറഫ് മണത്തല, മനാഫ് മണത്തല, ഹനീഫ, നിസാർ അലി എന്നിവർ അറിയിച്ചു.

