മുല്ലശ്ശേരി: ആയിരക്കണക്കിന് തീരദേശവാസികൾക്ക് ദുരിതം വിതയ്ക്കുന്ന പെരിങ്ങാട് പുഴ റിസർവ് വനമാക്കിയുള്ള കരട് പ്രഖ്യാപനം റദ്ദ് ചെയ്യുവാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം അട്ടിമറിക്കാൻ വനം വകുപ്പ് ശ്രമിക്കുന്നതായി തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ത്രിതല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും സർവ്വകക്ഷി നേതാക്കളുടെയും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ അടിയന്തിരമായി ഡി നോട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി ശക്തമായ തുടർ സമരപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമൻ്റ് ഫ്രാൻസിസ് സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തീരദേശ സംരക്ഷണ സമിതി ട്രഷറർ ഉമ്മർ കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. തീരദേശ സംരക്ഷണ സമിതി കൺവീനർ ഷൈജു തിരുനെല്ലൂർ ആമുഖപ്രഭാഷണം നടത്തി. കോർഡിനേറ്റർ നാസർ കരീം വിഷയ അവതരണം നടത്തി. തീരദേശ സംരക്ഷണ സമിതി എക്സിക്യൂട്ടീവ് മെമ്പർ ജോഷി കൊമ്പൻ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിജിന, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹബീബ്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഷ്റ മുഹമ്മദ് എന്നിവർ സംസാരിച്ചു. സർവ്വകക്ഷി നേതാക്കളായ ഒ.ജെ ഷാജൻ മാസ്റ്റർ, അനിൽ ആതിര, ബാബു ആൻ്റണി, മോഹനൻ കളപ്പുരക്കൽ, മുഹസിൻ മാസ്റ്റർ, പാവറട്ടി മാർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് എം.ജെ വർഗീസ് എന്നിവർ സംസാരിച്ചു.

