Sunday, January 4, 2026

ആന, കുടമാറ്റം, വാദ്യമേളം, വെടിക്കെട്ട്;  സ്കൂൾ കലോത്സവം വർണാഭമാക്കും

തൃശൂർ: തൃശൂരിൻ്റെ തനിമയും പാരമ്പര്യവും ഉൾക്കൊള്ളുന്ന രീതിയിൽ 64 -ാമത് സംസ്ഥാന സ്കൂൾ കലോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനായി അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളിയുടെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. മേയർ ഡോ. നിജി ജസ്റ്റിൻ യോഗത്തിന് നേതൃത്വം നൽകി. വിവിധ ജില്ലകളിൽ നിന്ന് കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് കൗതുകം ഉണർത്തുന്ന രീതിയിൽ ആനകൾ, കുടമാറ്റം, വാദ്യമേളം, വെടിക്കെട്ട് എന്നിവ ഒരുക്കി സ്കൂൾ കലോത്സവം വർണാഭമാക്കി മാറ്റുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കാൻ യോഗം തീരുമാനിച്ചു. കലോത്സവത്തിൻ്റെ സുരക്ഷാ മുന്നൊരുക്കങ്ങൾ, അടിയന്തര ആരോഗ്യ സംവിധാനങ്ങൾ, ഫയർ ആൻഡ് സേഫ്റ്റി, ശുദ്ധജലം, വൈദ്യുതി, ഭക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയവ സംബന്ധിച്ച മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. സിവിൽ ഡിഫൻസ് വോളൻ്റിയർമാരുടെ സേവനം അടിയന്തര ആരോഗ്യ സംവിധാനത്തിനായി ഉപയോഗപ്പെടുന്നതിനായി യോഗം തീരുമാനിച്ചു.  സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ലാലൂർ സ്റ്റേഡിയത്തിൽ ബാൻഡ് മേളം നടത്തുന്നതിൻ്റെ സാധ്യതകളും യോഗം ചർച്ച ചെയ്തു. കൊച്ചിൻ ദേവസ്വം, പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ, ആന ഉടമസ്ഥ സംഘം, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ സ്കൂൾ കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ നിർദേശങ്ങൾ യോഗത്തിൽ അറിയിച്ചു. ഡെപ്യൂട്ടി കളക്ടർ( ദുരന്ത നിവാരണം) പ്രാൺ സിംഗ്, ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി അജയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments