തൃശൂർ: ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മീഡിയാ കമ്മിറ്റി യോഗം പ്രസ്ക്ലബ്ബിൽ ചേർന്നു. കലോത്സവ വിജയത്തിന് മാധ്യമ സമൂഹത്തിൻ്റെ എല്ലാ പിന്തുണയുമുണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഓരോ വേദിയിൽ നിന്നുമുള്ള മത്സര ഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ അതതു സമയം പ്രസിദ്ധീകരിക്കാൻ ഫലപ്രദമായ രീതിയിൽ മീഡിയാ സെൻ്റർ പ്രവർത്തിക്കും. കലോത്സവ റിപ്പോർട്ടിങ്ങിനെത്തുന്നമാധ്യമ പ്രവർത്തകർക്ക് മീഡിയാ പാസ്, മറ്റനുബന്ധ സൗകര്യങ്ങൾ എന്നിവ ഏർപ്പാടാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തും. യോഗത്തിൽ റവന്യുമന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. എ.സി മൊയ്തീൻ എംഎൽഎ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, മീഡിയാ കമ്മിറ്റി കൺവീനർ റസാഖ്, പ്രസ്ക്ലബ് സെക്രട്ടറി രഞ്ജിത് ബാലൻ തുടങ്ങിയവർ സംസാരിച്ചു.

