ഗുരുവായൂർ: മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ യജ്ഞശാലയിൽ അഗ്നി പകർന്നതോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞത്തിന് തുടക്കമായി. 11 വെള്ളിക്കലശങ്ങളിൽ നിറച്ച ശ്രേഷ്ഠ ദ്രവ്യങ്ങൾ ശ്രീരുദ്ര മന്ത്രം ജപിച്ച് ചൈതന്യമാക്കിയ ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ശ്രീ മഹാദേവന് അഭിഷേകം ചെയ്യുന്നത് ദർശിക്കുവാൻ നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. യജ്ഞശാലയിൽ നടന്ന ശ്രീരുദ്രമന്ത്രജപത്തിന് കേരളത്തിലെ പ്രമുഖ വേദ പണ്ഡിതൻമാർ പങ്കെടുത്തു. നടരാജ മണ്ഡപത്തിലെ സാംസ്കാരിക പരിപടികളുടെ ദീപപ്രോജ്വലനം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എൻ. ഷാജി നിർവ്വഹിച്ചു. തുടർന്ന് ഗുരുവായൂർ ശരി മാരാരുടെ കേളിയും ‘അതിരുദ്രം’ എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് രവിന്ദ്രൻ മാസ്റ്റരുടെ ഭക്തി പ്രഭാഷണം, വാര്യർ സമാജം ആതിര വനിത വിംഗ് ഗുരുവായൂരിൻ്റെ ഭജഗോവിന്ദം ഭജൻസ്, ഇരട്ട കേളി, വൈകീട്ട് ചെറുതാഴം ചന്ദ്രൻ, ചിറയ്ക്കൽ നീതിഷ് എന്നിവരുടെ ഇരട്ട തായമ്പകയും ഉണ്ടായി. രാവിലെ നാഗക്കാവിൽ നാഗപ്പാട്ട്, വൈകീട്ട് ബ്രഹ്മശ്രീ പാതിരിക്കുന്നത്ത് കുളപുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ സർപ്പബലിയും ഉണ്ടായി.

