പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരനായി തിരച്ചിൽ തുടരുന്നു. ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട്ടുനിന്ന് കാണാതായ സുഹാന് വേണ്ടിയാണ് ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചത്. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനായ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. മുഹമ്മദ് അനസ് ഗൾഫിലാണ്. അധ്യാപികയായ അമ്മ തൗഹിത ഈസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു.
വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയിൽ ജോലിചെയ്യുകയായിരുന്നു. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോൾ അന്വേഷിക്കുകയായിരുന്നു. വഴക്കുകൂടിയതിനെത്തുടർന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരൻ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, നാട്ടുകാരുമായിച്ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലീസിൽ പരാതിനൽകി.
തുടർന്ന്, ചിറ്റൂർ പോലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ സമീപത്തെ കുളങ്ങളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി എട്ടുമണിയോടെ തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു. സമീപത്തെ വീടുകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം തുടരന്വേഷണം നടത്തുമെന്നും ചിറ്റൂർ പോലീസ് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് തിങ്കളാഴ്ച രാവിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തിരച്ചിലും പുനഃരാരംഭിച്ചത്. കാണാതാവുന്ന സമയത്ത് സുഹാൻ വെളുത്തവരയുള്ള ടിഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നതെന്ന് കുടുംബക്കാർ പറയുന്നു.

