ചാവക്കാട്: ഒരുമനയൂർ റെഗുലേറ്ററിന്റെ ഷട്ടർ അടയ്ക്കാത്തതിനെ തുടർന്ന് ചേറ്റുവ പുഴയിൽനിന്ന് കനോലികനാലിലൂടെ ഉപ്പുവെള്ളം കരയിലേക്കു വ്യാപിക്കുന്നത് ജനങ്ങൾക്ക് ദുരിതമാവുന്നു. യഥാസമയം ഒരുമനയൂർ റെഗുലേറ്റർ അടയ്ക്കാത്തത് മൂലം ഉപ്പുവെള്ളം കയറി ഒരുമനയൂർ, കടപ്പുറം, ചാവക്കാട് നഗരസഭാ പ്രദേശങ്ങളിലെ കനോലികനാലിന്റെ ഇരുകരകളിലെയും ഏക്കറുകണക്കിന് ഭൂമിയിലെ കൃഷി നശിക്കുകയും ശുദ്ധജലസ്രോതസ്സുകൾ മലിനമാവുകയും ചെയ്തു. നവംബർ അവസാനം മുതൽ വൃശ്ചിക വേലിയേറ്റം തുടങ്ങുന്നതിനാൽ ഈ സമയത്ത് റെഗുലേറ്റർ അടച്ചില്ലെങ്കിൽ തുറന്നുകിടക്കുന്ന റെഗുലേറ്ററിലൂടെ ഉപ്പുവെള്ളം കരയിലേക്കു കയറും. എന്നാൽ ഇത്തവണ ഡിസംബർ പകുതിയായിട്ടും റെഗുലേറ്റർ അടച്ചിട്ടില്ല. നവംബർ, ഡിസംബർ മാസങ്ങളിൽ ചേറ്റുവ പുഴയിൽനിന്ന് ശക്തമായ വേലിയേറ്റമുണ്ടാവുന്നത് പതിവാണ്. എല്ലാ വർഷവും ഈ സമയത്ത് റെഗുലേറ്ററിന്റെ ഷട്ടർ അടച്ച് ഉപ്പുവെള്ളം കയറുന്നത് തടയാൻ നടപടിയെടുക്കും. എന്നാൽ ഇക്കാര്യം അറിയുന്ന ഇറിഗേഷൻ ഉദ്യോഗസ്ഥർ ഇത്തവണ ഇതുവരെയും ആവശ്യമായ നടപടികൾ എടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. റെഗുലേറ്ററിന്റെ പ്രധാന ഷട്ടർ ഇലക്‌ട്രിക് മോട്ടോർ ഉപയോഗിച്ച് 10 മിനിറ്റു കൊണ്ട് അടയ്ക്കാനാവും. ഇടച്ചീർപ്പുകൾ പലക വെച്ച് മണ്ണിട്ട് അടയ്‌ക്കേണ്ടതാണ്. എത്രയും വേഗം ഒരുമനയൂർ റെഗുലേറ്ററിന്റെ ഷട്ടർ അടച്ച് കരയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

