Monday, December 8, 2025

വ്യജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് പത്തുലക്ഷത്തിലേറെപ്പേര്‍; ഇവയുപയോഗിച്ച് ആരൊക്കെ ജോലിനേടിയെന്ന് അന്വേഷിക്കുന്നു

പൊന്നാനി: പോലീസ് പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണസംഘം ഇതുവരെ പത്തുലക്ഷത്തിലേറെപ്പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തതായി അന്വേഷണസംഘം. കേരളത്തിനുപുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അന്തഃസംസ്ഥാന ബന്ധമുള്ള സംഘത്തിലെ പത്തുപേരാണ് കഴിഞ്ഞദിവസം പൊന്നാനി പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിനു പുറത്തുള്ള 22 സര്‍വകലാശാലകളിലെ ഒരുലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും നൂറോളം സീലുകളും സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു.

തിരൂര്‍ മീനടത്തൂര്‍ സ്വദേശി നെല്ലിക്കത്തറയില്‍ ധനീഷ് ധര്‍മന്റെ (38) നേതൃത്വത്തിലാണ് സംഘം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ച് വിതരണംചെയ്തിരുന്നത്. പൊന്നാനിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായ നരിപ്പറമ്പ് സ്വദേശി മൂച്ചിക്കല്‍ വീട്ടില്‍ ഇര്‍ഷാദിന്റെ (39) ചമ്രവട്ടം ജങ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയതോടെയാണ് വന്‍ റാക്കറ്റിലേക്ക് പോലീസെത്തിയത്. ധനീഷ് ധര്‍മനാണ് സംഘത്തിലെ പ്രധാനി. ഏജന്റുമാര്‍ക്കിടയില്‍ ഡാനി എന്നപേരില്‍ അറിയപ്പെട്ടിരുന്ന ധനീഷ് താനാരാണെന്ന് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. 2013-ല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ധനീഷിനെ കല്‍പ്പകഞ്ചേരി പോലീസ് പിടികൂടിയിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം വിപുലപ്പെടുത്തി. ഇതിനായി പൊള്ളാച്ചിയില്‍ വീട് വാടകയ്‌ക്കെടുത്തു. പ്രിന്റിങ് പ്രസ്സില്‍ ജോലിചെയ്തു പരിചയമുള്ളവരെ ശിവകാശിയില്‍നിന്നു കണ്ടെത്തി നിയമിച്ചു. സര്‍വകലാശാലയുടെ പേരും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകകള്‍ ആദ്യം അച്ചടിച്ചശേഷം ആവശ്യക്കാരുടെ വിവരങ്ങള്‍ പിന്നീട് അച്ചടിച്ചു ചേര്‍ക്കുന്നതാണ് രീതി. പൊള്ളാച്ചിയില്‍ തയ്യാറാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവിടെനിന്ന് നേരിട്ട് ഏജന്റുമാര്‍ക്ക് അയച്ചുനല്‍കിയിരുന്നില്ല. പ്രിന്റിങ് നടക്കുന്നത് പൊള്ളാച്ചിയിലാണെന്ന വിവരം ഏജന്റുമാര്‍പോലും അറിയാതിരിക്കാനായിരുന്നു അത്. പൊള്ളാച്ചിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കൂറിയര്‍ വഴി അയച്ചിരുന്നത് ബെംഗളൂരുവിലേക്കാണ്. അവിടെനിന്ന് ഓരോ സ്ഥലത്തെയും ഏജന്റുമാര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് പലര്‍ക്കും വിതരണംചെയ്തിരുന്നത്. ആ സമയത്തെ പരീക്ഷാകണ്‍ട്രോളറുടെയും രജിസ്ട്രാറുടെയും വ്യാജ ഒപ്പും സീലുമാണ് സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരുന്നത്. സര്‍വകലാശാലകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ അതേ മാതൃകയിലാണ് വ്യാജനും നിര്‍മിച്ചത്.

സര്‍ട്ടിഫിക്കറ്റിന്റെ മാതൃകകള്‍ ലഭിക്കുന്നതിനും മറ്റും സര്‍വകലാശാലകളുമായി ബന്ധമുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്ത വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി അതത് സര്‍വകലാശാലകളിലേക്ക് അയച്ചുകൊടുക്കും.

75,000 രൂപമുതല്‍ ഒന്നരലക്ഷം രൂപവരെയാണ് ഒരു സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയത്. ധനീഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് വില്‍പ്പനയിലൂടെ കോടികളാണ് സമ്പാദിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് ആരൊക്കെ ജോലിനേടിയിട്ടുണ്ടെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താലേ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ അതുകഴിഞ്ഞേ കസ്റ്റഡിയില്‍ വാങ്ങൂവെന്നും ഇന്‍സ്പെക്ടര്‍ എസ്. അഷ്റഫ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments