കൊല്ലം: ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മാസങ്ങൾക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

