ഗുരുവായൂർ: 15-ാമത് തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള ആൻ്റ് കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിന് ഗുരുവായൂരിൽ തിരി തെളിഞ്ഞു. മമ്മിയൂർ എൽ.എഫ്.സി.ജി. എച്ച്.എസ്.എസിൽ എൻ.കെ അക്ബർ എം.എൽ.എ ശാസ്ത്രീയമായി പച്ചവെള്ളത്തിൽ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ്, ഡി.ജെ സതീഷ് കുമാർ, പി. നവീന, ടി.രാധ, ഡി. ശ്രീജ, ഡോ.എൻ.ജെ ബിനോയ്, ടി.എം. ലത, എൻ.കെ രമേശ്, വി. സുഭാഷ്, സംഗീത ശ്രീജിത്, എസ്. സുനിൽകുമാർ, സിസ്റ്റർ ഡെൽഫി, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം ബാലകൃഷ്ണൻ, അനീഷ് ലോറൻസ് എന്നിവർ സംസാരിച്ചു. സ്കൂളിലെ എച്ച്.എസ് ബ്ലോക്കിൽ ഗണിതശാസ്ത്രമേളയും എച്ച്.എസ്.എസ് ബ്ലോക്കിൽ ഐടി മേളയും നടക്കും. മമ്മിയൂർ എൽ.എഫ്.സി.യു. പി. സ്കൂളിൽ സാമൂഹ്യശാസ്ത്രമേളയും ചാവക്കാട് എം.ആർ.ആർ. എം എച്ച്.എസിൽ ശാസ്ത്രമേളയും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തി പരിചയമേളയും ചാവക്കാട് ജി.എച്ച്. എസ്.എസിൽ കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലും നടക്കും. കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിൽ 52 സ്കൂളുകളിൽ നിന്നായി 500 ഓളം കുട്ടികൾ പങ്കെടുക്കും. 60 സ്റ്റാളുകളിൽ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. 19 ഇനങ്ങളിൽ തൊഴിൽ നൈപുണികളുടെ മത്സരങ്ങളും വിനോദങ്ങളും കരിയർ ഫെസ്റ്റും ഉണ്ടാകും. നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്യും.

