കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ മുഴുവൻ വികസനങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ചത് മുസ്ലിം ലീഗാണെന്നും നാടിനോടുള്ള പ്രതിബദ്ധതയാണ് മുസ്ലിം ലീഗ് നിറവേറ്റിയതെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് പറഞ്ഞു. കടപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചങ്ങാടി 13-ാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ ചേറ്റുവ ഹാർബർ, ഗവ. ആശുപത്രി, അഹമ്മദ് കുരിക്കൾ റോഡ് തുടങ്ങിയ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസനങ്ങൾ യാഥാർത്ഥ്യമാക്കിയത് മുസ്ലിംലീഗിന്റെ നേതൃത്വത്തിന്റെ ഇടപെടലുകൊണ്ടാണ് ‘ ജനങ്ങളുടെ അടിസ്ഥാന വികസനങ്ങൾക്ക് പുറമേ ക്ഷേമരംഗത്തും മികച്ച മാതൃകയാണ് കടപ്പുറം പഞ്ചായത്ത് മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള ഭരണാസമിതി നാളിതുവരെയുള്ള നിറവേറ്റി പോന്നിട്ടുള്ളത്. ആധുനിക കാലത്തെ അനിവാര്യ വികസനങ്ങളായ ഗ്രൗണ്ട് ഓപ്പൺ ജിം കുട്ടികളുടെ പാർക്ക് തുടങ്ങിയ വികസനങ്ങൾ നിലവിലെ ഈ ഭരണസമിതിയുടെ കാലത്തു നടത്തിയത് ശ്രദ്ധേയമാണ്. എല്ലാ കാലത്തും നാടിന്റെ വികസനങ്ങൾക്ക് തുരങ്കം വെക്കാനാണ് ഇടതുപക്ഷം ശ്രമിച്ചിട്ടുള്ളത്. നാട്ടിലെ ജനങ്ങൾക്ക് അക്കാര്യം വ്യക്തമായി അറിയുന്നതുകൊണ്ടാണ് കഴിഞ്ഞ 60 വർഷം തുടർച്ചയായി മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യമുന്നണിയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതെന്നും തുടർന്നുള്ള കാലത്തും ഐക്യ ജനാധിപത്യ മുന്നണി തന്നെയായിരിക്കും ഭരണത്തിൽ വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി ആർ കാദർ അധ്യക്ഷത വഹിച്ചു. ഹസീം ചെമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു. എം എസ് എഫ് ഹരിത മലപ്പുറം ജില്ലാ നേതാവ് സഫാന, മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ബി കെ സുബൈർ തങ്ങൾ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി കെ ബഷീർ, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് പി ഷാഹു ഹാജി, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി സി ബി അബ്ദുൽ ഫത്താഹ്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി എം മുജീബ് ട്രഷറർ സൈദ് മുഹമ്മദ് പോക്കാ കില്ലത്ത്, സെക്രട്ടറി എ കെ ഫൈസൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി എ അഷ്കറലി, ജനറൽ സെക്രട്ടറി പി കെ അലി, പി അബ്ദുൽ ഹമീദ്, പണ്ടാരി മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകരായ ആർ വി സെയ്തുമുഹമ്മദ് ഹാജി, അഹമ്മദ്, പുഴങ്ങരയില്ലത്ത് കരീം, ഹുസൈൻ എന്നിവരെ ആദരിച്ചു. വാർഡ് ജനറൽ സെക്രട്ടറി സി.കെ സിദ്ദീഖ് സ്വാഗതവും ട്രഷറർ സി ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു