കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ എസ്.ഡി.പി.ഐ ഒരുങ്ങുന്നു. ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം വരും ദിവസങ്ങളിൽ നടക്കും. പഞ്ചായത്തിലെ 18 വാർഡുകളിലും സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനമെന്നാണ് വിവരം. മുൻകാലങ്ങളിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള വാർഡുകളിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ പിന്തുണക്കുകയായിരുന്നു എസ്.ഡി.പി.ഐ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ പഴയ രീതിയിൽ ഏകപക്ഷീയമായി പിന്തുണക്കേണ്ടെന്നാണ് പാർട്ടി പ്രവർത്തകരുടെ അഭിപ്രായമെന്ന് പഞ്ചായത്തിലെ ഒരു എസ്.ഡി.പി.ഐ നേതാവ് സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാലാം വാർഡിൽ എസ്.ഡി.പി.ഐക്ക് വിജയ സാധ്യതയുണ്ടെന്ന് നേരത്തെ വ്യക്തമായിട്ടും എസ്.ഡി.പി.ഐയെ പിന്തുണക്കാതെ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി ഇരുമുന്നണികളും വോട്ട് ഭിന്നിപ്പിക്കുകയും അതുവഴി ബി.ജെ.പിക്ക് വിജയിക്കാൻ വഴിയൊരുക്കുകയാണ് ചെയ്തത്. ഇത് മുൻനിർത്തിയാണ് ഇത്തവണ മുഴുവൻ വാർഡുകളിൽ മത്സരിക്കാൻ എസ്.ഡി.പി.ഐ ഒരുങ്ങുന്നതെന്നാണ് വിവരം. ബിജെപിയുടെ വിജയം തടയേണ്ടത് എസ്.ഡി.പി.ഐയുടെ മാത്രം ചുമതലയല്ലെന്നും എസ്.ഡി.പി.ഐ നേതൃത്വം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തി പരമാവധി വോട്ടുകൾ പെട്ടിയിലാക്കി തങ്ങളുടെ ശക്തി തെളിയിക്കാനാണ് എസ്.ഡി.പി.ഐ തീരുമാനം.