ചാവക്കാട്: വർഗീയ ധ്രുവീകരണമല്ല, മനുഷ്യരെ ചേർത്തുനിർത്തുന്ന സഹിഷ്ണുതയാണ് ഇസ്ലാമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു. എസ്.വൈ.എസ് ചാവക്കാട് സോൺ സംഘടിപ്പിച്ച ‘സ്നേഹ ലോകം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം മനുഷ്യരെ തമ്മിൽ വൈകാരികമായി അകറ്റി നിർത്തുകയോ, വേർതിരിവുകൾ സൃഷ്ടിക്കുകയോ, വർഗീയ ധ്രുവീകരണത്തിന് കാരണമാവുകയോ ചെയ്യുന്ന ഒന്നല്ല. മറിച്ച് അത് മനുഷ്യരെ പരസ്പരം ചേർത്തുനിർത്തുകയും, ആവശ്യങ്ങൾ നിറവേറ്റുകയും, എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ മാനവികതയുടെ സന്ദേശം നൽകുകയും ചെയ്യുന്ന ദർശനമാണെന്ന് അദ്ദേഹം പറഞ്ഞു. സോൺ പ്രസിഡന്റ് ബഷീർ സുഹരി അദ്ധ്യക്ഷത വഹിച്ചു. സ്വഗത സംഘ ചെയർമാൻ ആർ.വി.എം ബഷീർ മൗലവി പതാക ഉയർത്തി. മധ്യമ നിലപാടിന്റെ സൗന്ദര്യം എന്ന വിഷയത്തിൽ വാഹിദ് നിസാമിയും തിരു നബിയുടെ കർമ്മ ഭൂമിക എന്ന വിഷയത്തിൽ അബ്ദുൽ മജീദ് അരിയല്ലൂരും നബി സ്നേഹത്തിന്റെ മധുരം എന്ന വിഷയത്തിൽ സിറാജ്ജുദ്ധീൻ സഖാഫി കൈപ്പമംഗലവും ഉസ്വത്തുൽ ഹസന എന്ന വിഷയത്തിൽ സിദ്ധീഖ് സഖാഫി ഒറ്റപ്പാലവും സംസാരിച്ചു. പൂർണതയുടെ മനുഷ്യ കാവ്യം എന്ന വിഷയത്തിൽ സി കെ എം ഫാറൂഖ്, ജാഫർ ചേലക്കര, പ്രസാദ് കാക്കശ്ശേരി സെമിനാർ നടത്തി. പി എസ് കെ മൊയ്‌ദു ബാഖവി, സയ്യിദ് കമറുദ്ധീൻ തങ്ങൾ, സയ്യിദ് കോയ തങ്ങൾ വട്ടേക്കാട്, സയ്യിദ് ഹുസൈൻ തങ്ങൾ, സയ്യിദ് താസീൻ തങ്ങൾ, ഇസ്ഹാഖ് ഫൈസി, ബഷീർ അശ്‌റഫി, ഹുസൈൻ ഹാജി പെരിങ്ങാട്, നിസാർ മേച്ചേരി, യുസുഫ് പൂവത്തൂർ എന്നിവർ പങ്കെടുത്തു.