ചാവക്കാട്: ചാവക്കാട് നഗരസഭയിൽ പൊതുകളിസ്ഥലം വേണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സന് എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകി. നഗരസഭ പരിധിയിൽ പൊതു കളിസ്ഥലങ്ങൾ ഇല്ലാത്തതും നിലവിലുണ്ടായിരുന്ന കളിസ്ഥലം മറ്റ് ആവശ്യങ്ങൾക്കായി മാറ്റിയതും മൂലം കായിക പ്രതിഭകൾ പ്രയാസം അനുഭവിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ദിലീപ് അത്താണി, നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന് നിവേദനം കൈമാറി.
കേരളോത്സവത്തിലെ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ പോലും പണം നൽകി സ്വകാര്യ ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് ഭാരവാഹികൾ പറഞ്ഞു. പൊതുജനങ്ങളുടെ കലാകായിക ആവശ്യങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കേണ്ടതും സൗകര്യങ്ങൾ ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, ഈ ഉത്തരവാദിത്തത്തിൽ നിന്ന് അധികൃതർ പിന്തിരിയുകയൊണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.