ഗുരുവായൂർ: മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഒക്ടോബർ പത്തിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ സിസ്റ്റർ ഫോൺസി മരിയ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയാകും. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഗവേഷണപരവും അക്കാദമികവുമായ വായനസംസ്കാരത്തെ വളർത്താനും പരിപോഷിപ്പിക്കാനും വേണ്ടിയാണ് ലൈബ്രറി പുന:ക്രമീകരിച്ചത്. കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമല്ല പുറത്തുനിന്നുള്ള ഗവേഷകരെയും വിദ്യാർത്ഥികളെയും കൂടി കണക്കിലെടുത്താണ് ഇത് നടപ്പാക്കിയത്. മെമ്പർഷിപ്പ് നൽകി വായനയെ പരിപോഷിപ്പിക്കുക, അറിവു ല്പാദനത്തെ സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.
‘ഡിജിറ്റൽ വിങ്ങ് – സെർച്ച് ഡോം’ വിപുലമായ രീതിയിൽ തയ്യാറാക്കിയിട്ടുണ്ട്. ഇ- ജേണലുകളുടെയും ഇ-പുസ്തകങ്ങളുടെയും ഒരു വലിയ ശേഖരം തന്നെ വായനക്കാർക്കായി ഒരുക്കിയതായും വിദ്യാർത്ഥികൾക്ക് പ്രോജക്ട് സ്വയം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് എല്ലാ സൗകര്യങ്ങളും ലൈബ്രറിയിൽ പ്രത്യേകമായി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ലൈബ്രറിയിൽ ‘കോഹ’ സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത്. ഇതുവഴി വിദ്യാർഥികൾ അവർക്ക് വേണ്ട പുസ്തകങ്ങൾ തിരയുമ്പോൾ തന്നെ, അത് സൂക്ഷിച്ചിട്ടുള്ള ഇടവും മറ്റു വിവരങ്ങളും കൂടി ലഭിക്കുന്നു. അതുവഴി തങ്ങൾക്ക് വേണ്ട പുസ്തകങ്ങൾ വേഗത്തിൽ കണ്ടെത്താൻ കുട്ടികൾക്ക് സാധിക്കുന്നു. രണ്ട് ഡാറ്റ ബേസ് സിസ്റ്റം ആണ് ഇതിൽ ഉപയോഗിക്കുന്നത്. ശോധ് ഗംഗ , ശോധ് സിന്ധു എന്നിവയും ലഭ്യമാണ്. 70,000 ത്തോളം പുസ്തകങ്ങളും നൂറിലേറെ ആനുകാലികങ്ങളും ലൈബ്രറിയിലുണ്ട്. ലൈബ്രറിയുടെ മുൻവശത്ത് ഗവേഷകർക്കായി സ്കോളേഴ്സ് ഹബ്ബ് പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
അധ്യാപകർക്ക് വായനയ്ക്ക് വേണ്ട പ്രത്യേക ഇടവും സൗകര്യങ്ങളും ‘നോളേജ് പവലിയൻ’ എന്ന പേരിൽ ഒരുക്കിയിട്ടുണ്ട്. ‘ഗാർഡൻ ലൈബ്രറി’ യാണ് ഇതിന്റെ പ്രത്യേകത. ലൈബ്രറിയുടെ നിശബ്ദതയിൽ നിന്ന് പുറത്ത് കടന്ന് പച്ചപ്പാർന്ന പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ വായിക്കാനും ചർച്ച ചെയ്യാനുമുള്ള സൗകര്യം ഇതിൻറെ മാത്രം പ്രത്യേകതയാണ്. വിദ്യാർത്ഥികളുടെ മാധ്യമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ഒരു സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളിൽ വിശാലമായ ഈ ലൈബ്രറിയുടെ താഴത്തെ നില പൊതുവായനയ്ക്കായി മാറ്റി വച്ചിരിക്കുന്നു. മുകളിലെ ഒന്നാം നിലയിൽ അക്കാദമിക വായനയ്ക്കും ഗവേഷണത്തിനും ഉതകുന്ന പുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം നില വായനയ്ക്കൊപ്പം ചെറിയ ഗവേഷണ കൂട്ടായ്മകൾക്കും ചർച്ച യോഗങ്ങൾക്കും സംവാദങ്ങൾക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്.
തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 8. 30 മുതൽ വൈകിട്ട് 5 വരെയും ശനിയാഴ്ച രാവിലെ 8. 30 മുതൽ വൈകീട്ട് നാല് വരെയും ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.
‘അക്ഷരം ആശ്വാസമാകട്ടെ വായന വെളിച്ചമായി മാറട്ടെ ‘എന്നതിന് പ്രാധാന്യം നൽകി ചാവക്കാട് താലൂക്ക് ഗവ. ആശുപത്രിയിലും ഗുരുവായൂർ മുനിസിപ്പാലിറ്റി പൂക്കോട് പ്രൈമറി ഹെൽത്ത് സെൻററിലും കോളേജിന്റെ നേതൃത്വത്തിൽ ‘വായന – ലൈബ്രറി അറ്റ് ഹോസ്പിറ്റൽ’ എന്ന പേരിൽ ഓരോ വായനശാലയും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ജെ. ബിൻസി, വൈസ് പ്രിൻസിപ്പാൾ സി. ലൗലി ജേക്കബ്, ഐ ക്യു എ സി കോഡിനേറ്റർ ഡോ. സിതാര കെ ഉറുമ്പിൽ, ലൈബ്രേറിയൻ ഡോ.സിസ്റ്റർ ജോയ്സി എ. ജെ, ലൈബ്രറി നവീകരണ കമ്മിറ്റി കോ ഓഡിനേറ്റർ
ഡോ. ജൂലി ഡൊമിനിക്ക്, കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ. പി.ജി ജസ്റ്റിൻ, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അഞ്ജലി എസ്. നായർ, പബ്ലിക് റിലേഷൻ ഓഫീസർ ഡോ. എ.പി അന്നം സിനി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.