ചാവക്കാട്: ചാവക്കാട് നഗരസഭയിൽ ദുരിതാവശ്യങ്ങൾ ഉന്നയിച്ച എസ്ഡിപിഐ പരാതി നൽകി. പുതിയറ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, പുന്ന മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്ഡിപിഐയുടെ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്. എസ്.ഡി.പി.ഐ പുന്ന ബ്രാഞ്ച് പ്രസിഡന്റ് ഷെരീഫ് കല്ലയിൽ, മുനിസിപ്പൽ കമ്മിറ്റി അംഗം നസീബ് പുന്ന, അൻസിൽ പുന്ന, ലത്തീഫ് പുന്ന എന്നിവരാണ് പരാതി സമർപ്പിച്ചത്. പുന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. തെരുവുനായ്ക്കൾ കൂട്ടമായി സഞ്ചരിക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ഒരുപോലെ ഭീഷണിയാണ്. അതിനാൽ പ്രദേശവാസികൾക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പുന്ന പുതിയറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും നിവേദനത്തിൽ ഉന്നയിച്ചു. റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇതുമൂലം നിരവധി അപകടങ്ങളാണ് പതിവായി ഉണ്ടാകുന്നത്. റോഡ് അടിയന്തരമായി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ നടപടിയുണ്ടാകുമെന്ന് മുനിസിപ്പൽ സെക്രട്ടറി ഉറപ്പ് നൽകിയതായി എസ്.ഡി.പിഐ ഭാരവാഹികൾ അറിയിച്ചു.