ചാവക്കാട്: ചാവക്കാട് നഗരസഭയിലെ ഒമ്പതാം വാർഡ് കൗൺസിലർ നഗരസഭ ഉദ്യോഗസ്ഥയുടെ ഫോട്ടോ വെച്ച് തെറ്റായ വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത്. നഗരസഭയിലേക്ക് ഒരു ആംബുലൻസ് കൈമാറുന്നു എന്ന പേരിൽ നഗരസഭ എൻജിനീയറുടെ ഫോട്ടോ ഉൾപ്പെടുത്തി ഒമ്പതാം വാർഡ് കൗൺസിലർ കെ.വി സത്താറാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിപ്പിക്കുന്നതെന്ന് ഷീജാ പ്രശാന്ത് പറഞ്ഞു. ഈ സംഭവത്തിൽ നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ല. കാലപ്പഴക്കമുള്ള ഒരു ആംബുലൻസ് സാധാരണ നിലയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കാറില്ല. സ്വകാര്യ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വാഹനങ്ങളോ വസ്തുക്കളോ നഗരസഭ ഏറ്റെടുക്കണമെന്നുണ്ടെങ്കിൽ അത് നഗരസഭയുടെ ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് മാത്രമേ സാധിക്കുകയുള്ളൂ.മാസങ്ങൾക്ക് മുമ്പ് ഒമ്പതാം വാർഡിൽ സാന്ത്വന പരിചരണത്തിന്റെ പേരിൽ ജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിച്ചുകൊണ്ട് വാങ്ങിയ ആംബുലൻസ് കാണാതായതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലർക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ നിന്ന് നഗരസഭയെ മറയാക്കി തടിയൂരാനുള്ള കൗൺസിലറുടെ ശ്രമം അപലപനീയമാണ് – ഷീജാ പ്രശാന്ത് പറഞ്ഞു. 22 വർഷം പഴക്കമുള്ളതും ഫിറ്റ്നസ് കാലാവധി കഴിഞ്ഞതും യാതൊരു രേഖകളുമില്ലാത്തതുമായ ഒരു ആംബുലൻസ് നഗരസഭയോട് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ഒരു അപേക്ഷ നഗരസഭാ സെക്രട്ടറിയുടെ അഭാവത്തിൽ മുനിസിപ്പൽ എൻജിനീയർക്ക് നൽകുകയും ആ ഫോട്ടോ എഡിറ്റ് ചെയ്ത് നഗരസഭയ്ക്ക് ആംബുലൻസ് കൈമാറുന്നു എന്ന് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ഒമ്പതാം വാർഡ് കൗൺസിലറുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്.നഗരസഭയെ ചാരി തന്റെ തെറ്റുകളും അഴിമതിയും മറച്ചുവെക്കാനുള്ള ശ്രമത്തിൽ നിന്ന് കൗൺസിലർ പിന്തിരിയണമെന്നും ഇത് ജനം തിരിച്ചറിയണമെന്നും നഗരസഭാ ചെയർപേഴ്സൺ ആവശ്യപ്പെട്ടു.