പുന്നയൂർ: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരിച്ചു നൽകി ബംഗാൾ സ്വദേശി. അകലാട് അഞ്ചാംകല്ല് സ്വദേശി പെരുമ്പുള്ളി ഷാജിയുടെ കളഞ്ഞുപോയ മൊബൈൽ ഫോൺ ആണ് ബംഗാൾ സ്വദേശി അലി എന്ന് വിളിക്കുന്ന ബാബർ ബാബു തിരികെ നൽകിയത്. അഞ്ചാംകല്ല് ബീച്ച് പരിസരത്ത് നിന്നാണ് കാൽനടയാത്രയ്ക്കിടെ ഷാജിയുടെ വിലപിടിപ്പുള്ള സാംസങ്ങ് എസ് സീരിയസ് മൊബൈൽ ഫോൺ നഷ്ടമായത്. പിന്നീട് പരിസരത്ത് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും മൊബൈൽ ഫോൺ ലഭിച്ചില്ല. അഞ്ചാംകല്ല് ബീച്ച് പരിസരത്തുള്ള ക്വാർട്ടേഴ്സിലാണ് കൂലിപ്പണിക്കാരനായ ബാബർ ബാബു താമസിക്കുന്നത്. വൈകിട്ട് ജോലികഴിഞ്ഞ് തിരിച്ചുവരവേ ബാബർ ബാബുവിന് വഴിയിൽ നിന്ന് മൊബൈൽ ഫോൺ ലഭിച്ചു. മൊബൈൽ ഫോണിൽ ഡിസ്പ്ലേയിൽ ഷാജിയുടെ പിതാവ് അബ്ദുറഹിമാന്റെ ചിത്രമായിരുന്നു. മൊബൈൽ ഫോൺ ആരുടേത് എന്ന് അന്വേഷിച്ചു പോകവേ ബാബർ ബാബു ഷാജിയുടെ സഹോദരൻ സിനാജിനെ കണ്ടുമുട്ടി. ഇതോടെയാണ് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഷാജിയുടേതാണെന്ന് ഉറപ്പുവരുത്തിയത്. നാട്ടുകാരായ ബാദുഷ, സുഹൈൽ അറഫാക്ക്, അലി അസ്ക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ബാബർ ബാബു മൊബൈൽ ഫോൺ സിനാജിന് കൈമാറി.