ഗുരുവായൂർ : കോവിഡിനുമുമ്പ് നിർത്തിവെച്ച ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ ഉടൻ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി.
ഇക്കാര്യത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ കലുങ്ക്സംവാദത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്. പാസഞ്ചറിനു പുറമേ തൃശ്ശൂർ വരെ ഒരു ഷട്ടിൽ സർവീസും ആരംഭിക്കുമെന്നും പറഞ്ഞു.
ഗുരുവായൂരിൽനിന്ന് വടക്കോട്ടുള്ള പാതയുടെ കാര്യം സംവാദത്തിൽ ഉയർന്നു. അതിനുവേണ്ടി ശ്രമം നടത്തുന്നുണ്ടെന്നും താൻ പറഞ്ഞാൽ പറഞ്ഞതാണെന്നും ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞ് ചിരിച്ചുപോകുന്നവനല്ല താനെന്നും സുരേഷ്ഗോപി സൂചിപ്പിച്ചു. ഗുരുവായൂർ മേൽപ്പാലം സാക്ഷാത്കരിക്കുന്നതിൽ എംപി എന്ന നിലയിൽ തനിക്കു ഒരു പങ്കുമില്ലെന്ന് ആക്ഷേപിച്ചവരാണു ഗുരുവായൂരിലെ എംഎൽഎയും നഗരസഭാ ചെയർമാനുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, റെയിൽവേ ഉന്നതാധികാരികളുമായി ഇടപെട്ടപ്പോൾ അവർക്ക് സത്യം ബോധ്യപ്പെട്ടു. ഇവരൊക്കെ വൃത്തികെട്ട രാഷ്ട്രീയക്കളി നടത്തുന്നവരാണ്. പറയാനുള്ളത് നേരിട്ടുപറയണം. ഇവരുടെയൊക്കെ മൂക്കിൻതുമ്പത്തേക്കാണു താൻ തുറന്ന ചർച്ചയ്ക്ക് വന്നിട്ടുള്ളത്. ‘‘നേരിട്ടുവരാൻ തയ്യാറുണ്ടോ?’’-സുരേഷ്ഗോപി വെല്ലുവിളിച്ചു.