ഗുരുവായൂർ: എം.എസ് സുബ്ബുലക്ഷ്മിയുടെയും ത്യാഗരാജൻ സദാശിവത്തിന്റെയും ജീവിതം മുൻനിർത്തി ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ രചിച്ച ‘ശിവം ശുഭം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. ശ്രീവത്സൻ ജെ. മേനോൻ, ബിജിബാൽ, ഡോ. രാജശ്രീ വാര്യർ, സിത്താര കൃഷ്ണകുമാർ, എം.എസ് സുബ്ബുലക്ഷ്മിയുടെ ചെറുമകൻ വി. ശ്രീനിവാസൻ, ദേവസ്വം ചെയർമാൻ പ്രൊഫ. വി. കെ. വിജയൻ, സന്നിധാനന്ദൻ, പെപ്പിൻ എന്നിവർ ചേർന്നാണ് പുസ്തകപ്രകാശനം നിർവ്വഹിച്ചത്. എം.എസ്. സുബ്ബുലക്ഷ്മിയുടെ മധുരയിലെ കുട്ടിക്കാലത്ത് നിന്നാരംഭിച്ച് സംഗീതവഴികളും ജീവിതയാത്രയും വിവരിക്കുന്നതാണ് 38 അധ്യായങ്ങളിലായി രൂപപ്പെടുത്തിയ പുസ്തകം. ടി.എം. വേണു സ്വാഗതവും ബി. കെ. ഹരിനാരായണൻ നന്ദിയും പറഞ്ഞു. ചടങ്ങിൻ്റെ ഭാഗമായി സുബ്ബുലക്ഷ്മിയുടെ കൊച്ചുമക്കളായ എസ്. ഐശ്വര്യ, എസ്. സൗന്ദര്യ എന്നിവർ അവതരിപ്പിച്ച കച്ചേരി അരങ്ങേറി.