ഗുരുവായൂര്‍: ഗുരുവായൂര്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായ ചടങ്ങുകള്‍ സെപ്തംബര്‍ 17 മുതല്‍ 21 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ പത്തിന് യൂണിയന്‍ ഹാളില്‍ ആരംഭിക്കുന്ന ചടങ്ങ് പ്രസിഡന്റ് പി.എസ്. പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.എ. സജീവന്‍ അധ്യക്ഷത വഹിക്കും. ശിവഗിരിമഠം ബ്രഹ്‌മസ്വരൂപാനന്ദ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന സമ്മേളനം അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍, ശനിയാഴ്ച യൂണിയന്‍ സെക്രട്ടറി പി.എ. സജീവന്‍ എന്നിവരും ഉദ്ഘാടനം നിർവഹിക്കും.വിദ്യാഭ്യാസം, ശുചിത്വം, ഭക്തി, സംഘടന, കൃഷി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഓരോ ദിവസത്തെയും പ്രഭാഷണങ്ങള്‍. ഞായറാഴ്ച രാവിലെ 10ന് മഹാസമാധി ദിനത്തില്‍ നടക്കുന്ന സമാദരണ സദസ് യോഗം കൗണ്‍സിലര്‍ ബേബിറാം ഉദ്ഘാടനം ചെയ്യം. ശുഭ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സുന്ദര്‍ ശ്രീപതി സമാധി ദിന സന്ദേശം നല്‍കും. വൈകീട്ട് 3.30ന് നഗരം ചുറ്റിയുള്ള ശാന്തിയാത്രയും നടക്കും. യൂണിയന്‍ പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍, സെക്രട്ടറി പി.എ സജീവന്‍, എം.എ. ചന്ദ്രന്‍, പി.വി. സുനില്‍കുമാര്‍, കാഞ്ഞിരപ്പറമ്പില്‍ രവീന്ദ്രന്‍, കെ.കെ രാജന്‍, പി.വി ഷണ്മുഖൻ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.